കോഴിക്കോട്: ഫോണ്‍വിളി കേസില്‍ തനിക്കെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം. എന്‍.സി.പിയിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വ്യക്തമായ തെളിവോ ബോദ്ധ്യമോ വരാതെ ഹര്‍ജിയെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം ആവശ്യപ്പെടില്ല. അന്വേഷണം ആവശ്യപ്പെടണമെങ്കില്‍ അതിന് ഉപോല്‍ബലകമായ തെളിവോ വസ്തുതകളോ ഉണ്ടാവണം. തന്റെ കൈയില്‍ ഇതൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ അവസാന നിമിഷം ഹര്‍ജി ഫയല്‍ ചെയ്തതും പിന്നീട് കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും തോമസ് ചാണ്ടിയുടെ പുതിയ പി.എയുടെ സഹായിയായ തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്.
അതേസമയം സ്വന്തം നിലയിലാണ് പരാതി നല്‍കിയതെന്നാണ് മഹാലക്ഷ്മി പറയുന്നത്. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ചാണ്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആയി നിയമിതനായ വ്യക്തിയുടെ വീട്ടില്‍ സഹായിയാണ് ഇവര്‍ എന്നാണ് വിവരം. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു മുന്മന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് പി.എയെന്നും സൂചനയുണ്ട്. ആ പ്രേരണയിലാകാം പരാതി നാടകം അരങ്ങേറിയത് എന്നാണ് എ.കെ. ശശീന്ദ്രനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്. ഗണേഷ് കുമാര്‍ എംഎല്‍എയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന ആരോപണം ചില കേന്ദ്രങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
Discussion about this post