ന്യൂഡൽഹി : ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുകയാണെന്ന് ജഡേജ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്. അവസാന ടൂർണമെന്റിൽ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താൻ ആയുള്ളൂ എങ്കിലും ഇന്ത്യയുടെ സെമിഫൈനൽ വിജയത്തിൽ വലിയൊരു ഭാഗമാകാൻ ജഡേജക്ക് കഴിഞ്ഞിരുന്നു.
ഹൃദയം നിറഞ്ഞ നന്ദിയോടെ വിട പറയുന്നു എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചത്. ” ഹൃദയം നിറഞ്ഞ നന്ദിയോടെ, ടി20 അന്താരാഷ്ട്ര മത്സരങ്ങളുടെ ഞാൻ വിട പറയുന്നു. അഭിമാനത്തോടെ കുതിച്ചിരുന്ന ഒരു ശക്തനായ കുതിരയെ പോലെ ഞാൻ എപ്പോഴും എന്റെ രാജ്യത്തിനുവേണ്ടി ഏറ്റവും മികച്ചത് തന്നെ നൽകാൻ ശ്രമിച്ചു. മറ്റു ഫോർമാറ്റുകളിൽ ഇനിയും അത് തുടരും. ടി20 ലോകകപ്പ് വിജയം ഒരു സ്വപ്നസാക്ഷാത്കാരം ആയിരുന്നു. എന്റെ ടി20 അന്താരാഷ്ട്ര കരിയറിന്റെ പരകോടിയിൽ ആണ് ഇപ്പോഴുള്ളത്. നല്ല ഓർമ്മകൾക്കും ആഹ്ലാദങ്ങൾക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി” എന്നായിരുന്നു രവീന്ദ്ര ജഡേജ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്.
ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് രവീന്ദ്ര ജഡേജ അറിയപ്പെടുന്നത്. ഗുജറാത്തിലെ ജാം നഗർ സ്വദേശിയായ ജഡേജ 2009 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2018 മുതൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ രവീന്ദ്ര ജഡേജ 2022ൽ ടീമിന്റെ ക്യാപ്റ്റൻ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിക്കൊണ്ട് മാൻ ഓഫ് ദി മാച്ച് ആയ താരം കൂടിയാണ് രവീന്ദ്ര ജഡേജ.
Discussion about this post