In Facebook
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികള്‍ കുറിക്കുവാന്‍ ….
ആകാശവും ആവേശവും പെയ്തു തോരാത്ത രാത്രിയില്‍ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ വീണിരിക്കുന്നു. ലോകം കൊതിച്ച സ്വര്‍ണക്കിരീടവുമായി ദിദിയര്‍ ദെഷാംപിന്റെ ഫ്രാന്‍സ് ….
യുദ്ധത്തിന്റയും ദുരിതത്തിന്റെയും കണ്ണീരുപ്പ് കലര്‍ന്ന ജീവിതപാതകള്‍ താണ്ടിയാണ് അവന് ലൂക്കാ മോഡ്രിച്ച് ഇവിടെ വരെയെത്തിയത്… തോറ്റിട്ടും തോല്‍ക്കാതെ…. തോല്‍വിയുടെ ആഴത്തില്‍ നിന്ന് വിജയത്തിന്റെ പടികള്‍ പന്തുതട്ടി കയറുകയായിരുന്നു അവന്. കാഴ്ചയില്‍ ദുര്‍ബലനെന്ന് തോന്നിക്കുമ്പോഴും കനലെരിഞ്ഞ കരളുമായി അവന് കൂട്ടുകാര്‍ക്ക് പ്രാണനായി. ലുഷ്നിക്കില് മികച്ച താരത്തിനുള്ള സ്വര്ണപ്പന്തുമായി നില്ക്കുമ്പോള് മോഡ്രിച്ച് ചിരിക്കാന്‍ മറന്നു പോയിരുന്നു. ഫ്രഞ്ച് ആരവങ്ങള്‍ക്കൊപ്പം പെയ്തിറങ്ങിയ പെരുമഴയില്‍ ക്രൊയേഷ്യന്‍ കണ്ണീരും കലര്‍ന്നിരുന്നു. മോഡ്രിച്ചിന്റെ കണ്ണുകള്‍ പക്ഷേ ആ കണ്ണീര് മഴയിലും ജ്വലിച്ചു നിന്നു. ഒരു നാടിന്റെ ദുരന്ത ജീവിതങ്ങള്‍ക്കൊപ്പം നടന്നു കയറിയവന്റെ നിസംഗത …. ആ കണ്ണില്‍ മഹാവിജയത്തിന്റെ ആഴവും അപാരതയുമുണ്ടായിരുന്നു.
ലുഷ്നിക്കില് വിജയിച്ചത് ദെഷാംപിന്റെ കരുനീക്കങ്ങളാണ്. അവസരങ്ങള്‍ വരുമ്പോള്‍ ആഞ്ഞടിക്കുന്ന ഫ്രഞ്ച് വിപ്ളവത്തിന്റെ സൂത്രധാരന്‍. ഇരുപതാണ്ടിനിപ്പുറം വീണ്ടും പട്ടാഭിഷേകം. അന്ന് ദെഷാംപ് ക്യാപ്ടന്. ഇന്ന് കോച്ച്. …
ഫുട്ബോള്‍ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന മത്സരങ്ങളിലൊന്നില്‍ ഫ്രാന്‍സിന് വിജയം … ആന്റണി ഗ്രേസ്മാന്, കിലിയന്‍ എംബാപ്പെ, പോള്‍ പോബ്പ…. ജയിക്കാന്‍ ഉറച്ചിറങ്ങിയ പോരാളികള്‍ .. തോറ്റാലും തോല്‍ക്കാത്ത ക്രൊയേഷ്യന്‍ വീര്യത്തിന് മേല്‍ പിഴയ്ക്കാത്ത മനസുറപ്പോടെ ഗോള്‍ വേട്ടയ്ക്കിറങ്ങിയ ദെഷാംപിന്റെ കുട്ടികള്‍ …
ഈ രാത്രി പുലരുകയാണ്. മുപ്പത്തിരണ്ട് ആവേശ രാവുകള്ക്കറുതി… ലോക ഫുട്ബോളില്‍ പുതിയ രാജാക്കന്മാര് .. പുത്തന്‍ താരോദയങ്ങള്‍ .. നാലാണ്ടിനപ്പുറം അത്തര്‍ മണക്കുന്ന ഖത്തറിലേക്ക് സ്വപ്നങ്ങളുടെ തേരേറി വീണ്ടും …..
Discussion about this post