എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഒന്നാം റാങ്ക് ലഭിച്ച ഡോ.എ.പി.ബിന്ദുവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഷഹലയുടെ നിയമനം റദ്ദാക്കിയത്.
റാങ്ക് പട്ടിക മറികടന്നാണ് നിയമനം നടത്തിയതെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് നിയമനം റദ്ദാക്കിയത്. സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായിട്ടായിരുന്നു ഷഹലയ്ക്ക് നിയമനം ലഭിച്ചത്. കോടതി ഇതേപ്പറ്റി സര്‍വ്വകലാശാലയോട് വിശദീകരണം ചോദിച്ചപ്പോള്‍ സംവരണാടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്ന് സര്‍വ്വകലാശാല വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍ ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണത്തെ സംബന്ധിച്ച് യാതൊരു സൂചനയുമില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. രണ്ട് പേര് പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് വിജ്ഞാപനം തിരുത്തിയതെന്നും ബിന്ദു ആരോപിച്ചിരുന്നു.
നിയമനത്തെപ്പറ്റി കോടതി സര്‍വ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ സംവരണാടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്ന് തെളിയിക്കാനും സര്‍വ്വകലാശാലയ്ക്ക് സാധിച്ചില്ല .ഇത്തവണ ഒഴിവു വന്നത് പൊതുവിഭാഗത്തില്‍ ആണെന്നും അത് കൊണ്ട് സംവരണ അടിസ്ഥാനത്തില്‍ ഉള്ള ആള്‍ക്ക് നിയമനം നല്‍കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കികൊണ്ട് നിയമനം റദ്ദാക്കുകയായിരുന്നു. ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post