(നിലപാട്) ഡോ.രാജീവ് കുമാര്‍
ജാതീയത പോലെ ഹിന്ദു സമൂഹം നേരിടുന്ന ജീര്‍ണതയ്ക്ക് ഹിന്ദുമതം മറ്റ് മതസ്ഥരില്‍ നിന്ന് പോലും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. മനുസ്മൃതിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ത്താറുണ്ട്. മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങള്‍ സാന്ദര്ഭീകമായി അടര്‍ത്തിയെടുത്ത് വിമര്‍ശനം നടത്തുന്നവര്‍, പുരാതന കാലം മുതല്‍ ഹിന്ദു സമൂഹം കൂടെ കരുതുന്ന യോഗയുടെ കാര്യം വരുമ്പോള്‍ എന്തിന് നിലപാട് മാറ്റുന്നു. ചേനയാകുമ്പോള് തലയും, വാഴയാകുമ്പോള് കടയും നല്കുന്ന വിമര്ശനപതിവാണ് ഇവര്‍ക്കുള്ളത്. ജാതിയത പോലുള്ള പുഴുക്കുത്തുകള്‍ വരുമ്പോള്‍ ഇത് നിങ്ങളുടെ കുറ്റമല്ല, നമ്മുടെ നാടിന്റെ പിഴവാണ് : ഒരുമിച്ച് തിരുത്താം എന്ന് ഒരു മതാതീതനും പറയാറില്ലല്ലോ…?അന്താരാഷ്ട്ര യോഗദിനം യോഗയ്ക്കും അതുവഴി ഭാരതീയ സംസ്ക്കാരത്തിനും വിശേഷിച്ച് ഹിന്ദു മതത്തിനും നല്കുന്ന ഉണര്‍വ്വും സ്വീകാര്യതയും വളരെ വലുതാണ്. യോഗ ചിത്ത വൃത്തി നിരോധ എന്ന പതഞ്ജലി മഹര്‍ഷിയുടെ വിശാലമായ കാഴ്ചപ്പാട് ലോകം ഉള്‍ക്കൊള്ളുന്ന ദിനം എന്ന രീതിയിലേക്ക് അന്താരാഷ്ട്ര യോഗദിനത്തെ മാറ്റിയെടുക്കാന്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം.യോഗ മതപരമാണോ എന്ന ചോദ്യമാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും അധികവും ഉയര്‍ന്ന് കേട്ടത്. ഇതിന് വളരെ ലളിതമായ ചില ചിന്തകള്‍ കൊണ്ട് തന്നെ മറുപടി പറയാന്‍ ഹൈന്ദവ സമൂഹത്തിന് കഴിയും.
യോഗയുടെ ആചാര്യന് പതജ്ഞലി മഹര്‍ഷിയാണ് എന്നത് എല്ലാവരും പൊതുവെ അംഗീകരിക്കുന്നുണ്ട്.ഹിന്ദു വിശ്വാസപ്രകാരം പരമശിവന് പാര്‍വ്വതി ദേവിയ്ക്ക് ഉപദേശിയ്ക്കുന്നതാണ് യോഗ എന്നാണ് വിശ്വാസം. അങ്ങനെയെങ്കില്‍ യോഗയുടെ ഭൌതിക സ്വത്തവകാശം ഇരുവര്‍ക്കുമാണ് എന്നതിന് ചരിത്രത്തോട് പരിഭവിച്ചിട്ടു കാര്യമില്ല.
ബള്‍ബില്‍ സാങ്കേതികമായ എത്ര മാറ്റങ്ങള്‍ വരുത്തിയാലും, അത് കണ്ടു പിടിച്ചത് ആരാണെന്ന ചോദ്യത്തിന് ഉത്തരം തോമസ് ആല്‍വ എഡിസന് എന്ന് തന്നെയായി തുടരും. അതുപോലെ തന്നെയാണ് യോഗയ്ക്ക് പരമശിവനും.
ഇവിടെയാണ് ചില വാദങ്ങള്‍ മതനിരപേക്ഷ സമൂഹം ഉയര്‍ത്തുന്നത്. എല്ലാവര്ക്കും പ്രയോജനകരമായ യോഗയെ ഹിന്ദു സമൂഹം സ്വയം ഏറ്റെടുക്കേണ്ടതുണ്ടോ എന്നാണ് ഒരു ചോദ്യം. പരമശിവന്റെ പിന്തുടര്ച്ചക്കാരായ ഹിന്ദുക്കള്‍ക്ക് യോഗയുടെ ഉടമസ്ഥാവകാശം നല്‍കണോ എന്ന തലത്തില്‍ ഈ ചോദ്യം മറിച്ച് ചോദിക്കാവുന്നതേയുള്ളു. യോഗ മതാതീത രാഷ്ട്രത്തിന്റെ പൊതുസ്വത്ത് എന്നാണ് മറ്റൊരു വിശദീകരണം. അത് അംഗീകരിക്കണമെങ്കില്‍ മറ്റ് ചില കാര്യങ്ങളില്‍ കൂടി ഹൈന്ദവ സമൂഹത്തിന് പരിഗണന നല്‍കേണ്ടി വരും.
ജാതീയത പോലെ ഹിന്ദു സമൂഹം നേരിടുന്ന ജീര്‍ണതയ്ക്ക് ഹിന്ദുമതം മറ്റ് മതസ്ഥരില്‍ നിന്ന് പോലും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. മനുസ്മൃതിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ത്താറുണ്ട്. മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങള്‍ സാന്ദര്ഭീകമായി അടര്‍ത്തിയെടുത്ത് വിമര്‍ശനം നടത്തുന്നവര്‍, പുരാതന കാലം മുതല്‍ ഹിന്ദു സമൂഹം കൂടെ കരുതുന്ന യോഗയുടെ കാര്യം വരുമ്പോള്‍ എന്തിന് നിലപാട് മാറ്റുന്നു. ചേനയാകുമ്പോള് തലയും, വാഴയാകുമ്പോള് കടയും നല്കുന്ന വിമര്ശനപതിവാണ് ഇവര്‍ക്കുള്ളത്. ജാതിയത പോലുള്ള പുഴുക്കുത്തുകള്‍ വരുമ്പോള്‍ ഇത് നിങ്ങളുടെ കുറ്റമല്ല, നമ്മുടെ നാടിന്റെ പിഴവാണ് : ഒരുമിച്ച് തിരുത്താം എന്ന് ഒരു മതാതീതനും പറയാറില്ലല്ലോ…?
അതുകൊണ്ട് ഹിന്ദുക്കളുടെ അറിവുകള്‍ക്കും, അറിവേടുകള്ക്കമുള്ള കടപ്പാട് അവര്‍ക്ക് തന്നെ നല്‍കുക. എല്ലാവരും ഗുണകരമായത് ഉപയോഗിക്കട്ടേ..പക്ഷേ ഏറെ അധിക്ഷേപങ്ങള്‍ അനുപാതമില്ലാതെ കേട്ട ജനതയ്ക്ക് അഭിമാനം തോന്നുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ചെറുതായെങ്കിലും സന്തോഷിക്കാനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ല.
യോഗദിനത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോട് സംസാരിച്ചത് 2014 സെപ്തംബര്‍ 28നാണ്. മൂന്ന് മാസത്തിന് ശേഷം ഡിസംബര്‍ 11ന് യുഎന്‍ അന്താരാഷ്ട്ര യോഗദിനമായി ജൂണ്‍ 21 അംഗീകരിക്കുന്നു. എന്തായിരിക്കും ഇതിന് കാരണം.?
50 മുസ്ലിം രാജ്യങ്ങളില്‍ 44 പേരും യോഗദിനം എന്ന ആശയത്തെ പിന്തുണച്ചതിന് എന്തായിരിക്കും അടിസ്ഥാനം..?
ആരേയും ഭയപ്പെടുത്താത്ത, ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യാത്ത , ശാന്തമായ ഒരു ദര്‍ശനത്തിന്റെ വശ്യത തന്നെയാണ് എതിര്‍പ്പുകളില്ലാതെ യോഗ അംഗീകരിക്കപ്പെട്ടതിന് പിന്നില്‍. ഒരു പക്ഷേ 21 ാം നൂറ്റാണ്ടിന്റെ ദര്‍ശനമായി യോഗ സ്ഥാനം നേടുകയാണ്. പാലില്‍ പഞ്ചസാര പോലെ നമ്മളെ മാറ്റാതെ വിശ്വാസങ്ങളെ ഇളക്കാതെ വ്യക്തിത്വത്തെ മധുരമുള്ളതാക്കുകയാണ് യോഗ.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ യോഗയെ തിരിച്ചറിയുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് യോഗയുടെ സ്വന്തം നാട്ടില്‍ കോലാഹലങ്ങള്‍ ഉയരുന്നത്. ചിലര്‍ക്ക് സൂര്യനമസ്ക്കാരം നിഷിദ്ധം, മറ്റു ചിലര്‍ക്ക് പേര് മാറ്റിയാല്‍ സൂര്യനമസ്ക്കാരം ആകാം.
രണ്ട് കൂട്ടരില്‍ ആദ്യവിഭാഗത്തെ പറഞ്ഞ് തിരുത്താന്‍ എളുപ്പമാണ്. എന്നാല്‍ രണ്ടാമത്തെ കൂട്ടര് കുറക്കന്റെ മനസ്സോടെയാണ് വിഷയത്തെ ഏറ്റെടുക്കുന്നത്.
ഇതിനിടയിലാണ് ചില മതേതരന്മാരുടെ ഇടപെടല്‍. യോഗ ശരീരത്തിന്റെ നന്മ മാത്രം കരുതി ചെയ്യുന്നതില്‍ വിരോധമില്ല എന്നാണ് ഇവരുടെ വാദം. യോഗ അവതരിപ്പിക്കുന്ന സമന്വയത്തിന്റെ ദര്‍ശനം വര്‍ഗ്ഗ സിദ്ധാന്തത്തെ ദുര്‍ബലപ്പെടുത്തും എന്നതു കൊണ്ടും, സംഘടിത മത വോട്ടു ബാങ്കിനോടുള്ള അത്യാര്‍ത്തി മൂലവുമാണ് യഥാര്‍ത്ഥത്തില്‍ ഈ മതേതര നിലപാടുകാരുടെ കപട വാദങ്ങള്‍.
യോഗയിലെ ആത്മീയത ഒഴിവാക്കാനുള്ള ഇവരുടെ ആഹ്വാനം പക്ഷേ യോഗ എന്തെന്ന തിരിച്ചറിവില്ലായ്മ കൊണ്ട് കൂടി ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് നമ്മുടെ കയ്യിലുള്ള ഫോണ്‍ ഒരു പാട് സാധ്യതകള്‍ കൂടി കരുതിവെക്കുന്നുണ്ട്. അലാറമായി ഉപയോഗിക്കാം, കാല്ക്കുലേറ്ററാക്കാം..പാട്ട് കേള്‍ക്കാം, ഫോട്ടോ എടുക്കാം അങ്ങനെ…പക്ഷേ മറ്റുള്ളവരെ വിളിക്കാന്‍ അത് ഉപയോഗിക്കില്ല എന്ന് പറയും പോലയാണ് യോഗയിലെ ആത്മീയ അംശത്തിന്റെ നിരാസം. ഫോണിന് പകരം നിങ്ങള്‍ക്ക് കാല്‍ക്കുലേറ്റര്‍ വാങ്ങിയാല്‍ പോരെ എന്ന രീതിയില്‍ യോഗയ്ക്ക് പകരം മറ്റ് വ്യായാമങ്ങള്‍ ചെയ്താല്‍ പോരെ എന്ന് മാത്രമെ അവരോട് ചോദിക്കാനാവു.
ഇന്ത്യയെ യോഗയുടെ നാടായി ലോകം അറിയുമ്പോള്‍…ഇന്ത്യയുടേതല്ല എന്ന് വെറുതെയങ്ങ് പറഞ്ഞ് വിടുന്ന നേതാക്കന്മാരോടും അനുചരരോടും ആര്‍ക്കും ഒന്നും പറയാനാവില്ല…പറ്റുമെങ്കില്‍ അവര്‍ യോഗ ചെയ്യാന്‍ ശ്രമിക്കട്ടെ..അങ്ങനെ സ്വന്തം സ്വത്വം തിരിച്ചറിയട്ടേ…
യോഗയില്‍ രാഷ്ട്രീയം കാണുന്നതില്‍ തെറ്റില്ല..പക്ഷേ അത് ഇന്ത്യ ലോകത്തിന് സമ്മാനിച്ച അമൂല്യമായ ആശയത്തെ നിഷേധിച്ചു കൊണ്ടുള്ള ആള്മാറാട്ടമാവരുത്..
യോഗ ഭാരതത്തിന്റേതാണ്…ഹിന്ദുവിന്റേതാണ്…ഇനി ലോകത്തിന്റേതുമാണ്….അത് തിരിച്ചറിയാന്‍ ആര്‍ക്കുമിനി അധികദൂരം നടക്കേണ്ടി വരില്ല.
Discussion about this post