തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി എത്തിയ നേതാക്കള്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഏര്‍പ്പെടുത്താത്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നടപടിയില്‍ നേരിട്ട് അതൃപ്തി അറിയിച്ച് ബിജെപി നേതാക്കള്‍. രാവിലെ 11ന് യോഗം ചേരുമെന്ന് അറിയിച്ച പ്രകാരം നേതാക്കള്‍ ടിക്കാറാം മീണയുടെ ഓഫിസിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. നേതാക്കള്‍ക്ക് ഇരിക്കാന്‍ പോലും ഓഫിസില്‍ സൗകര്യം ഒരുക്കിയിരുന്നില്ല. കസേര പോലും ശരിയാക്കിയിരുന്നില്ല. നേതാക്കള്‍ക്ക് ഓഫിസിന് മുന്നില്‍ കാത്തിരിക്കേണ്ടിയും വന്നു.
തുടര്‍ന്ന് ടിക്കാറാം മീണയോട് ഇതിലുള്ള അതൃപ്തി ബിജെപി നേതാക്കള്‍ അറിയിക്കുകയായിരുന്നു. ഇത് ശരിയായില്ലെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നേതാക്കള്‍ ഓഫിസിലേക്ക് തള്ളികയറിയത് ശരിയായില്ല എന്നായിരുന്നു ടിക്കാറം മീണയുടെ പ്രതികരണം. എല്ലാവര്ക്കും സൗകര്യം ഒരുക്കാമെന്നും, ഇത്തരത്തില്‍ സംസാരിച്ച് തന്നെ അപമാനിക്കുന്നത് ശരിയല്ലെന്നും ടിക്കാറാം മീണ ബിജെപി നേതാക്കളോട് പറഞ്ഞു. മറ്റ് കക്ഷി നേതാക്കന്മാരാരും വിഷയത്തില്‍ പരാതി പെട്ടിരുന്നില്ല.
നേരത്തെ തന്നെ തീരുമാനിച്ച യോഗത്തിന് എത്തിയ നേതാക്കള്‍ക്ക് സൗകര്യം ഒരുക്കാന്‍ പോലും തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കഴിയാത്തത് അഫിസിന്റെ പിടിപ്പുകേടാണെന്നാണ് വിലയിരുത്തല്‍. തികച്ചും മോശമായ സമീപനമാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ പക്ഷത്ത് നിന്നുണ്ടായതെന്നും നേതാക്കള്‍ പറയുന്നു.
നേരത്തെ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന പ്രസ്താവന നടത്തി ടിക്കാറാം മീണ വിവാദത്തില്‍ പെട്ടിരുന്നു. ടിക്കാറാം മീണയ്ക്കെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വിഷയം ഇന്നത്തെ യോഗത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഉന്നയിക്കും. നേരത്തെ സിപിഎം തെരഞ്ഞെടുപ്പ് ഓഫിസറുടെ പ്രസ്താവനയെ സ്വാഗതം ചെയ്തിരുന്നു.
ടിക്കാറാം മീണയുടെ നടപടി കേട്ടു കേള്‍വിയില്ലാത്തതാണെന്നും, അതിനെ സ്വാഗതം ചെയ്ത സിപിഎം പ്രസ്താവന ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നത് അവര്‍ പേടിക്കുന്നതു കൊണ്ടാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
Discussion about this post