തൃശൂർ: ശക്തന്റെ മണ്ണിനെ ആവേശക്കടലാക്കി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ റോഡ് ഷോ. വൈകീട്ടോടെ തൃശൂരിൽ എത്തിയ സുരേഷ് ഗോപിയ്ക്ക് വമ്പൻ സ്വീകരണമാണ് ബിജെപി പ്രവർത്തകരും ജനങ്ങളും നൽകിയത്. വിദ്യാർത്ഥി കോർണറിൽ നിന്നാണ് റാലി ആരംഭിച്ചത്. റാലിയിലുടനീളം വലിയ ജനക്കൂട്ടമാണ് സുരേഷ് ഗോപിയെ സ്വീകരിക്കാൻ റോഡിന് ഇരുവശവും തടിച്ചുകൂടിയിരിക്കുന്നത്.
തൃശുരിനെ താൻ ഹൃദയത്തിൽ വച്ച് താൻ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഭാരിച്ച സ്‌നേഹവായ്പ്പാണ് തന്റെ വിജയം. എല്ലാവർക്കും തൃപ്തി നൽകുന്ന രീതിയിൽ തന്റെ ഉത്തരവാദിത്വം നിറവേറ്റും. അഞ്ച് വർഷക്കാലത്തെ ഓരോ ദിവസവും തൃശൂരിന് വേണ്ടി താൻ പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂരാണ് ഇനി തന്റെ കിരീടം. തൃശൂരിൽ സ്ഥിര താമസം ഉണ്ടാകില്ലെങ്കിലും സ്ഥിര താമസം പോലെ തന്നെ ഇവിടെ പ്രവർത്തിക്കും. തൃശൂർ പൂരം തന്നെയായിരിക്കും തന്റെ ആദ്യത്തെ ഉദ്യമം. സിസ്റ്റമാറ്റിക്ക് ആയ രീതിയിൽ പൂരം നടത്താനുള്ള നടപടികൾ ചെയ്യും. ഈ വർഷത്തെ തൃശൂർ പൂരത്തിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയാകുമോ എന്ന കാര്യം നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post