തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിൽ രാവിലെയോടെയായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവയ്ക്കണം എന്നാണ് ഒരു പോസ്റ്റർ. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല എന്നായിരുന്നു മറ്റൊരു പോസ്റ്റർ. തൃശ്ശൂരിൽ യുഡിഎഫിന് ഇതുവരെയുണ്ടായതിൽവച്ച് ഏറ്റവും വലിയ കനത്ത തിരിച്ചടി ആയിരുന്നു കെ. മുരളീധരന്റെ പരാജയം. ഇതിൽ നേതൃത്വം പ്രതിരോധത്തിലായിരിക്കുമ്പോഴാണ് തൃശ്ശൂർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്.
ജില്ലാ നേതൃത്വം കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതാണ് പരാജയത്തിന് കാരണം ആയത് എന്നാണ് വിലയിരുത്തൽ. ഇക്കാര്യം പരസ്യമായി കെ.മുരളീധരൻ പറയുകയും ചെയ്തിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് ഒരു നേതാവും എത്തിയില്ലെന്ന് ആയിരുന്നു മുരളീധരന്റെ ആരോപണം. തൃശ്ശൂരിൽ തന്നെ കുരുതി കൊടുക്കുകയായിരുന്നു. വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ ജയിച്ചേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ജോസ് വള്ളൂരിനെതിരെ യൂത്ത് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. തൃശ്ശൂരിൽ ബിജെപിയ്ക്കായി വാതിൽ തുറന്ന് നൽകിയത് ജോസ് വള്ളൂരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സർജിക്കൽ സട്രൈക്കറായ മുരളീധരന് ഇങ്ങനെ സംഭവിച്ചുവെങ്കിൽ സാധാരണ പ്രവർത്തകരുടെ ഗതി എന്താകുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.
Discussion about this post