കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് യുഡിഎഫിന് തൃശൂർ മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. സർജിക്കൽ സ്‌ട്രൈക്കായി തൃശൂരിൽ ഇറക്കിയ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തിൽ രണ്ടാം സ്ഥാനം പോലും പിടിച്ചെടുക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവിന് സാധിച്ചില്ല.
ഇതോടെ ആകെ നിരാശയിലായ മുരളീധരൻ ഇനിയൊരു തിരഞ്ഞെടുപ്പിനില്ലെന്ന പ്രഖ്യാപനവും നടത്തി. ഇതിനൊപ്പം പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണെന്ന തീരുമാനവും പ്രഖ്യാപിച്ചതോടെ കോൺഗ്രസ് നേതൃത്വം ആകെ പതറിയിരിക്കുകയാണ്. തോൽവിയ്ക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിന് നേരെ രൂക്ഷ വിമർശനമാണ് മുരളീരൻ ഉന്നയിച്ചത്. താന്റെ പ്രചാരണ വേളയിലെല്ലാം താൻ ഒറ്റയ്ക്കായിരുന്നുവെന്നും ഒരു മുതിർന്ന നേതാക്കൾ പോലും കോൺഗ്രസിന്റെ പ്രചാരണത്തിനായി തൃശൂരിൽ എത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു. തന്നെ തൃശൂരിൽ നിർത്തി ബലിയാടാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഏറെ വികാരാധീനനായിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുറിവേറ്റ മുരരളീധരന്റെ മുറിവുണക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കുള്ളത്. ഇതിന്റെ ഭാഗമായി എല്ലാവരും കഠിനപരിശ്രമത്തിലാണ്. അതിവേഗം തന്നെ മുരളീധരനേറ്റ മുറിവുണക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയാം. അതിനാൽ തന്നെ എല്ലാ മാർഗങ്ങളും നേതാക്കൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ പടിയെന്നോണം വോട്ടെണ്ണൽ കഴിഞ്ഞ് നേതാക്കൾ മുരളീധരനെ സന്ദർശിച്ചിരുന്നു. എന്നാൽ, അതിരൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതോടെ, അടുത്ത വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പിൽ തോറ്റതോടെ, അർഹമായ പദവി നൽകി അദ്ദേഹത്തെ തണുപ്പിക്കാനാണ് ശ്രമം. അതിനായി യുഡിഎഫ് കൺവീനർ പദവി, കെപിസിസി അദ്ധ്യക്ഷ സ്ഥാനം, വയനാട് ലോക്‌സഭാ സീറ്റ് എന്നിങ്ങനെ മൂന്ന് ഓഫറുകളാണ് മുരളീധരന് മുൻപിൽ വയ്ക്കാനാണ് സാധ്യത. എന്നാൽ, ഇതിലെല്ലാം മുരളീധരൻ തണുക്കുമോ എന്നതും വലിയൊരു ചോദ്യമാണ്.
Discussion about this post