ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സർക്കാർ രൂപീകരണത്തിനായുള്ള മുന്നൊരുക്കത്തിലാണ് മുന്നണികൾ. ഇതിനായുള്ള ആദ്യ ഘട്ട ചർച്ചകൾ എൻഡിഎ നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗവും ഡൽഹിയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം നടക്കുമ്പോൾ പ്രധാനമായി ചർച്ച ചെയ്യുന്ന വിഷയമാണ് ഇത്തവണ ലോക്‌സഭയിൽ എത്ര വനിതാ എംപിമാർ ഉണ്ടാകും എന്നത്. വനിതാ സംവരണ ബിൽ പാസായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏതൊക്കെ വനിതാ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്നതും എത്രപേർ ലോക്സഭയിലേക്ക് എത്തി എന്നതും ഈ സാഹചര്യത്തിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്.
ഈ തിരഞ്ഞെടുപ്പിൽ പല നിർണ്ണായക സീറ്റുകളിലും വിജയം കൈവരിച്ചത് സ്ത്രീകളായിരുന്നു. പല വനിതാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ വലിയ ശതമാനം വനിതാ സ്ഥാനാർത്ഥികളും പരാജയം നേരിട്ടു. ഇത്തവണ ബിജെപിയിൽ നിന്ന് 30 വനിതാ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കോൺഗ്രസിൽ നിന്ന് 14, തൃണമൂൽ കോൺഗ്രസിൽ നിന്ന് 11, സമാജ്‌വാദി പാർട്ടിയിൽ നിന്ന് 4, ഡിഎംകെയിൽ നിന്ന് മൂന്ന്, ജെഡിയുവിൽ നിന്ന് രണ്ട്, എൽജെപി യിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ എന്നിങ്ങനെ പോകുന്നു വിജയിച്ചവരുടെ കണക്കുകൾ.
ബിജെപിയുടെ ഹേമമാലിനി, ടിഎംസിയുടെ മഹുവ മൊയ്‌ത്ര , എൻസിപിയുടെ സുപ്രിയ സുലെ , സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് എന്നിവരെല്ലാം തങ്ങളുടെ സീറ്റ് നിലനിർത്തിയ വനിതാ എംപിമാരാണ്. മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൻറെ മകൾ ബൻസൂരി സ്വരാജ്, മുൻ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിൻറെ മകൾ മിസ ഭാരതി, നടിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്ത് എന്നിവരും തെരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ എംപിമാരാണ്. മച്ച്‌ലിഷഹറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമാജ്‌വാദി പാർട്ടിയുടെ 25 കാരിയായ പ്രിയ സരോജും കൈരാന നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച 29 കാരിയായ ഇഖ്റ ചൗധരിയും ഇതിൽ ഉൾപ്പെടുന്നു.
കങ്കണ റണാവത്തും ബൻസൂരി സ്വരാജും ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തിളക്കമാർന്ന വിജയം നേടി. കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ്ങിനെതിരെ 74,000 വോട്ടുകൾക്കാണ് കങ്കണ വിജയിച്ചത്. . വിവിഐപി സീറ്റായ ന്യൂഡൽഹിയിൽ ആണ് ബിജെപിയുടെ ബൻസൂരി സ്വരാജ് വൻ വിജയം നേടിയത്. എഎപി സ്ഥാനാർത്ഥി സോമനാഥ് ഭാരതിയെ 78,000 വോട്ടുകൾക്കാണ് ബൻസൂരി പരാജയപ്പെടുത്തിയത്. മഥുരയിൽ നിന്നും മത്സരിച്ച ഹേമമാലിനിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5,100,64 വോട്ടുകൾക്കാണ് ഹേമമാലിനി വിജയിച്ചത്. കോൺഗ്രസിലെ മുകേഷ് ധൻഗറിനെയാണ് ഹേമാമാലിനി പരാജയപ്പെടുത്തിയത്.
543 സീറ്റുകളിൽ നിന്നായി 79 വനിതകളാണ് ഇത്തവണ ലോക്സഭയിലേക്ക് വിജയിച്ചെത്തിയത്.1952 ന് ശേഷമുള്ള ഏറ്റവും ഉയർന്ന അനുപാതങ്ങളിലൊന്നാണിത്. 8,337 സ്ഥാനാർത്ഥികളിൽ സ്ത്രീകളുടെ എണ്ണം 797 മാത്രമായിരുന്നു. 2019 വർഷത്തേക്കാൾ കൂടുതലാണ് ഈ സംഖ്യ. കഴിഞ്ഞ തവണ 78 വനിതാ എംപിമാരാണ് ലോക് സഭയിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ . 2019ൽ 720 വനിതകളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 16-ആം ലോക്‌സഭയിൽ 64 വനിതാ അംഗങ്ങളും 15-ൽ 52 അംഗങ്ങളും ഉണ്ടായിരുന്നു.
പതിറ്റാണ്ടുകളായി ഇരുസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ മിക്ക പാർട്ടികളും ഇതിനെ അനുകൂലിച്ചിരുന്നില്ല. ബിൽ പാസാക്കിയാൽ തങ്ങൾക്ക് കരുത്തരായ വനിതാ നേതാക്കൾ ഉണ്ടാകില്ലെന്നാണ് പാർട്ടികൾ ഭയന്നത്. വളരെ കഷ്ടപ്പെട്ടാണ് വനിതാസംവരണ ബിൽ മോദി സർക്കാർ പാസ്സാക്കിയെടുത്തതും.
ലോക്‌സഭയിലും ഡൽഹി നിയമസഭയിലും 33% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നാണ് വനിതാ സംവരണ ബിൽ തീരുമാനമുണ്ടായത്. കണക്കുകൾ പരിശോധിച്ചാൽ ലോക്‌സഭയിലെ 543 സീറ്റുകളിൽ 181 സീറ്റുകളും വനിതകൾക്കായി നീക്കിവെക്കേണ്ടി വരും. പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം 2024ലെ തിരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കാനാകില്ലെന്ന് കഴിഞ്ഞ സെപ്തംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Discussion about this post