കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്ത്രീയെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ദിനജ്പുര്‍ ജില്ലയിലെ ഗംഗറാംപൂരിലാണ് സംഭവം. സ്കൂള്‍ അധ്യാപികയായ സ്മൃതികോന ദാസാണ് ക്രൂരമായ ആക്രമണത്തിന് ഇരായായത്.
പഞ്ചായത്ത് റോഡ് പണിക്കായി സ്ഥലം വിട്ടു നല്കുന്നതില് പ്രതിഷേധമറിയിച്ച സ്ത്രീയെ കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൃണമൂല്‍ നേതാവും പഞ്ചായത്ത് വൈസ് പ്രസിന്റുമായ അമല്‍ സര്‍ക്കാറിന്റെ അനുയായികളാണ് സ്ത്രീയെ കൈയേറ്റം ചെയ്തത്.
അധ്യാപികയുടെ കാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി പഞ്ചായത്ത് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. അക്രമം തടയാനെത്തിയ ഇവരുടെ സഹോദരി സോമ ദാസിനെയും അമല്‍ സര്‍ക്കാറിന്റെ അനുയായികള്‍ വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തു.
പഞ്ചായത്ത് റോഡ് നിര്‍മാണത്തിനായി ഇവരുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് 12 അടി വീതിയില്‍ സ്ഥലം നല്കാന് ധാരണയായിരുന്നു. എന്നാല്‍ പിന്നീട് പഞ്ചായത്ത് 24 അടി വീതിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച സഹോദരിമാരെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്.
പരിക്കേറ്റ സ്മൃതികോന ദാസ് ചികിത്സയിലാണ്. സഹോദരി സോമാ ദാസ് പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ഇവരുടെ പരാതിയില്‍ അമല്‍ സര്‍ക്കാറിനും അനുയായികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായിരുന്നു. തുടര്‍ന്ന് അമല്‍ സര്‍ക്കാറിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയതായി പാര്‍ട്ടി ജില്ലാ അധ്യക്ഷ അര്‍പിത ഘോഷ് അറിയിച്ചു.
Discussion about this post