ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ പ്രമുഖ ദളിത് ബിജെപി ദേശീയ നേതാവ് രാം നാഥ് കോവിന്ദിനെ ഗവര്‍ണറായി നിയമിച്ചുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. തന്നോടാലോചിക്കാതെയാണു നിയമനമെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ അതില്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും മന്മോഹന് സര്‍ക്കാര്‍ ബിഹാറിലേക്കു ഗവര്‍ണറെ നിയമിച്ചപ്പോഴും മുഖ്യമന്ത്രിയുമായി ആലോചിച്ചിരുന്നില്ലെന്നും ബിജെപി നിതീഷിന് മറുപടി നല്കി.
ബിഹാറിനു പുറമെ ഹിമാചല്‍ പ്രദേശില്‍ പുതിയ ഗവര്‍ണറായി യോഗ ഗുരു ബാബ രാംദേവിന്റെ അടുത്ത അനുയായിയും കുരുക്ഷേത്രയിലെ ആര്യപ്രതിനിധി സഭയുടെ ഗുരുകുല ബോര്‍ഡിങ് സ്കൂള്‍ പ്രിന്‍സിപ്പലുമായ ആചാര്യ ദേവ വ്രതിനെ നിയമിച്ചു. കോവിന്ദിന്റെയും ദേവ വ്രതിന്റെയും നിയമനങ്ങള്‍ രാഷ്ട്രപതിഭവന് ഇന്നലെ വൈകിട്ടാണു വിജ്ഞാപനം ചെയ്തത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ദളിത് പിന്നാക്ക വോട്ടുകള്‍ വലിയ സ്വാധീനം ചെലുത്തുമെന്നിരിക്കെ ബിജെപി നടത്തിയ ഗവര്‍ണര്‍ നിയമനത്തെ ഏറെ ശ്രദ്ധയോടെയാണു രാഷ്ട്രീയകേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്. 94ലും 2006ലും രാജ്യസഭാംഗമായിരുന്ന കോവിന്ദ് ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്പൂരാണു സ്വദേശം.
സാധാരണ നിലയ്ക്കു കേന്ദ്ര ആഭ്യന്തരമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാരോടു കൂടിയാലോചന നടത്തിയശേഷമാണു ഗവര്‍ണര്‍മാരെ നിയമിക്കാറുള്ളത്. തന്നെ ആഭ്യന്തരമന്ത്രി വിളിച്ചിട്ടില്ലെന്നും മാധ്യമങ്ങലിലൂടെയാണു പുതിയ ഗവര്‍ണറെ നിയമിച്ചതായി താന്‍ അറിയുന്നതെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ഐക്യ ജനതാദള്‍ വ്യക്തമാക്കി.
Discussion about this post