തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതര്‍ക്ക് ആശംസ അയച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജയരാജന്റെത് അനാവശ്യമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ മനസിലാക്കിയാല്‍ അത്തരം ഒരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ല. പൊതുവില്‍ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അത് തുടര്‍ന്നാല്‍ മതിയെന്നും പിണറായി വ്യക്തമാക്കി.
കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്കായിരുന്നു എംവി ജയരാജന്റെ സന്ദേശമെത്തിയത്. സമൂഹത്തിനായി ഒറ്റപ്പെട്ട് കഴിയുന്ന താങ്കളിലെ നന്മയെ തിരിച്ചറിയുന്നു. ഒപ്പമുണ്ട് ഞങ്ങള്‍ എന്നായിരുന്നു ജയരാജന്റെ സന്ദേശം.
സംഭവത്തെ തുടര്‍ന്ന് സിപിഎം നേതാവിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണ്‍ നമ്പര്‍ ജയരാജന് കിട്ടിയതെങ്ങനെയാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. എയര്‍പോര്‍ട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നല്കിയ തങ്ങളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നാണ് വിദേശത്തു നിന്നും വന്നവർ പറയുന്നത്.
Discussion about this post