കൊച്ചി : ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടിയപ്പോള്‍ സര്‍ക്കാരിനു മദ്യത്തില്‍ നിന്നുള്ള വരുമാനം കൂടി. നടപ്പു വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മദ്യവില്പന വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 458 കോടി കൂടുതലായിരുന്നു. സംസ്ഥാന ബവ്റിജസ് കോര്‍പറേഷന്റെ തന്നെ കണക്കനുസരിച്ചു കഴിഞ്ഞ വര്‍ഷം (2014-15) ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ വിറ്റതു 3333.29 കോടി രൂപയുടെ മദ്യമാണ്. ഈ കാലത്തു ബാറുകള്‍ തുറന്നിരിക്കുകയായിരുന്നു. എന്നാല്‍, ഇക്കൊല്ലം (2015-16) ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള ഇതേ കാലയളവില്‍ വിറ്റതു 3792.2 കോടി രൂപയുടെ മദ്യമാണ്. വരുമാനത്തില്‍ 14% വര്‍ധനവാണ് ഉണ്ടായിരിയ്ക്കുന്നത്.
ഈ വില്പനയില് നിന്നു ഖജനാവിലേക്കു വിവിധ നികുതികളായി 3203.6 കോടി രൂപ ലഭിച്ചിട്ടുമുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നികുതികളായി 2722.5 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 481 കോടി കൂടുതല്‍. ഇക്കൊല്ലം വില്പന നികുതി ഇനത്തില്‍ 1924.7 കോടി രൂപയും എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 547.5 കോടിയും കിട്ടി. വിറ്റുവരവു നികുതി, സര്‍ചാര്‍ജ്, സെസ്, കിസ്ത് തുടങ്ങി മറ്റു വിവിധ നികുതികളും ചേര്‍ത്താണ് ആകെ 3203.6 കോടി വരുമാനം.
ഇതേ കാലയളവില്‍ വിറ്റ മദ്യത്തിന്റെ അളവില്‍ 12 ലക്ഷം കെയ്സിന്റെ കുറവു മാത്രമാണുണ്ടായത്. മുന്‍ വര്‍ഷം 79 ലക്ഷം കെയ്സ് വിറ്റപ്പോള്‍ ഇക്കൊല്ലം 66.9 കെയ്സ് വിറ്റു. വളര്‍ച്ചാ നിരക്കിലെ കുറവ് 15%. എന്നാല്‍, ബാറുകള്‍ക്കു ബീയര്‍ ആന്‍ഡ് വൈന്‍ ലൈസന്‍സ് ഇതേ കാലയളവില്‍ ലഭിച്ചതു മൂലം ബീയര്‍ വില്പനയില് വന്‍ തോതില്‍ വര്‍ധനയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 33.81 ലക്ഷം കെയ്സ് ബീയര്‍ വിറ്റപ്പോള്‍ ഇക്കൊല്ലം 51.8 ലക്ഷം കെയ്സ് വിറ്റു. വര്‍ധന 18 ലക്ഷം കെയ്സ്. വളര്‍ച്ചാ നിരക്ക് 53%.
Discussion about this post