ചെന്നൈ: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍.ഐ.എ റെയ്ഡ്. കോയമ്പത്തൂരിലെ പവിഴം ജൂവലറി കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. കോയമ്പത്തൂരില സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിഴം വീഥിയില്‍ നന്ദകുമാറിനെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം നന്ദകുമാറിലേക്കെത്തിയെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. നന്ദകുമാറിന്റെ വീട്ടില്‍ രാവിലെ നാലംഗസംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിന് ശേഷം നന്ദകുമാറിനെ കൂടുതലായി ചോദ്യം ചെയ്യാനായി കോയമ്പത്തൂര്‍ റേസ് കോഴ്സിലുള്ള എന്‍.ഐ.എയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്‍.ഐ.എയുടെ കൊച്ചി, ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
ഏതാനും ആഴ്ചകള്‍ മുമ്പ് തിരുച്ചിറപ്പള്ളിയിലെ ജൂവലറികള്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ അന്വേഷണം നടത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്ഡ്.
Discussion about this post