കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശാന്തി മന്ത്രാലാപനവും ദുർഗാ ക്ഷേത്ര ദർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗാക്ഷേത്ര ദർശനത്തോടെയാണ് നന്ദി ഗ്രാമിൽ മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം മേദിനിപുരിലെ തെരഞ്ഞെടുപ്പ് റാലിയിൽ മമത ശാന്തിമന്ത്രം ആലപിച്ചിരുന്നു.
നന്ദിഗ്രാം മണ്ഡലത്തിൽ ബുധനാഴ്ച രാവിലെയാണ് മമത ബാനർജി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുൻ കാബിനറ്റ് മന്ത്രിയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ മമതയുടെ എതിരാളി. ബിജെപിയിൽ ചേർന്ന സുവേന്ദുവിന് വൻ സ്വീകാര്യതയാണ് വോട്ടർമാർക്കിടയിൽ ലഭിക്കുന്നത്. ഇതും മമതയെ അങ്കലാപ്പിലാക്കുന്നുണ്ട്.
അതേസമയം മമതയുടെ ക്ഷേത്രദർശനവും മന്ത്രാലാപനവുമൊക്കെ തട്ടിപ്പാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ചിലരിൽ കണ്ടു വരുന്ന ഒരു പ്രത്യേക തരം ഭക്തിയാണ് ഇതെന്നും ഇതിലൊന്നും ഇനി വോട്ടർമാർ വീഴില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. ദുർഗ്ഗാ പൂജ സമയത്തും റംസാൻ നോമ്പുകാലത്തും മുസ്ലീം പള്ളികൾക്ക് സമീപത്തെ ക്ഷേത്രങ്ങളിലെ മൈക്ക് ഓഫ് ചെയ്യിപ്പിച്ചതും മുസ്ലീം പള്ളികൾക്ക് മുന്നിലുള്ള വഴികളിലൂടെയുള്ള ഘോഷയാത്ര നിരോധിച്ചതും ചിലർ ഓർമ്മിപ്പിക്കുന്നു.
മമതയുടെ ഭക്തിയെ അനുകൂലിച്ചും ചിലർ രംഗത്ത് വന്നിട്ടുണ്ട്. എത്ര വൈകിയാണെങ്കിലും വിവേകം ഉദിക്കുന്നതിനെ അംഗീകരിക്കണം എന്നാണ് ഇവരുടെ അഭിപ്രായം.
Discussion about this post