കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി അടിയന്തിരമായി അന്വേഷിക്കണമെന്ന് അമേരിക്കൻ സെനറ്റിൽ അടിയന്തിരപ്രമേയം. ഇതിന്റെ അന്വേഷണത്തിനായി സർവകക്ഷികളും അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിക്കണമെന്നും ചൈനയിലെ വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയ്ക്ക് കോവിഡ് 19 വൈറസിന്റെ ഉത്ഭവത്തിലുള്ള പങ്കിനെപ്പറ്റി അന്വേഷണമുണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. കൻസാസ് സെനറ്റർ ആയ ഡോക്ടർ റോജർ മാർഷൽ ആണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
അറിയപ്പെടുന്ന ഒരു ഡോക്ടറും റിപ്പബ്ളിക്കൻ പാർട്ടിയിലെ മുതിർന്ന നേതാവുമായ ഡോക്ടർ റോജർ മാർഷൽ വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടന്നുവന്നിരുന്ന രഹസ്യ ഗവേഷണത്തെപ്പറ്റി വിശദമായ അന്വേഷണമുണ്ടാകണമെന്ന് പ്രമേയത്തിൽ പറയുന്നുണ്ട്. 2017 മുതൽ ഈ ഗവേഷണാശാലയിലെ സകല ജീവനക്കാരും ചൈനയിലെ സൈനിക, രഹസ്യാന്വേഷണ ഏജൻസികൾക്ക് അയച്ച സന്ദേശങ്ങളെല്ലാം പരിശോധിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. ഒപ്പം ഈ വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ടിനു അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഫണ്ടുകളെപ്പറ്റിയും അന്വേഷിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
വൈറസിന്റെ സാമ്പിളുകൾ നശിപ്പിക്കാനും ആദ്യം അസുഖത്തെപ്പറ്റി റിപ്പോർട്ട് ചെയ്ത ആരോഗ്യപ്രവർത്തകരെ ഇല്ലാതാക്കാനും അവരുടെ വായടപ്പിക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്കിനെപ്പറ്റിയും അന്വേഷണം നടത്തണം. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലൂടെയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ കള്ളപ്രചാരണങ്ങളെപ്പറ്റിയും വിശദമായ അന്വേഷണമുണ്ടാകണമെന്ന് ആവശ്യമുണ്ട്.
ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ആയ ടെഡ്രോസ് അദാനോം ഗബ്രയേസ് ഈ വിഷയത്തിൽ എന്ത് നടപടികളാണ് എടുത്തിട്ടുള്ളതെന്നും അന്വേഷിക്കണം എന്നും പ്രമേയത്തിൽ ആവശ്യമുണ്ട്.
ആദ്യകാലങ്ങളിൽ കോവിഡ് 19 മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്ക് പകരുന്നതല്ല എന്ന നിലപാടാണ് ലോകാരോഗ്യസംഘടന എടുത്തിരുന്നത്. ലോകം മുഴുവൻ ആദ്യ തരംഗമുണ്ടായപ്പോഴും ലോകാരോഗ്യസംഘടന മാസ്കോ മുഖാവരമോ ധരിക്കേണ്ട ആവശ്യമില്ല എന്ന നിലപാടുമാണ് എടുത്തിരുന്നത്. ട്വിറ്ററിൽ ഈ രണ്ട് അറിയിപ്പുകളും ഇപ്പോഴുമുണ്ട്.
2003ലെ സാർസ് ബാധ സമയത്ത് തന്നെ കൊറോണവൈറസുകളുടെ വ്യാപനരീതിയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കേ ലോകത്തെ ഏറ്റവും വലിയ ആരോഗ്യസംഘടന ഇത്തരത്തിലെ നിലപാടുകളെടുത്തത് അതീവ സംശയാസ്പദമാണെന്ന് പൊതുജനാരോഗ്യവിദഗ്ധർ കുറച്ചു കാലമായി അഭിപ്രായപ്പെടുന്നതാണ്. ചൈനയുടെ കപടപ്രചാരണങ്ങൾ ലോകം മുഴുവനെത്തിക്കുന്ന ഏജന്റായാണോ ലോകാരോഗ്യസംഘടന പ്രവർത്തിച്ചതെന്ന് സംശയിക്കാമെന്നാണ് ചില വിദഗ്ധരെങ്കിലും അഭിപ്രായപ്പെടുന്നത്.
ഇതെല്ലാം അന്വേഷിക്കാൻ വിവിധ പാർട്ടികളിൽ നിന്നുള്ള പന്ത്രണ്ടംഗ പാനലിനെ നിയമിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ വൈദ്യ ഉപദേഷ്ടാവായ ഡോക്ടർ ആന്റണി ഫൗസിയും കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി വിശദമായ അന്വേഷണമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. “കോവിഡ് വൈറസ് ഒരു ലബോറട്ടറിയിൽ നിന്ന് പുറത്ത് വന്നതാകാൻ സകല സാദ്ധ്യതയുമുണ്ട്. അത് നടന്നിട്ടുണ്ടോ എന്നറിയാൻ ഒരു സമഗ്രമായ അന്വേഷണം നടത്തേണ്ടുന്നതിന്റെ ആവശ്യകതയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നുണ്ട്“. അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
Discussion about this post