ഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 45 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്. ഈ മാസം ആദ്യം രാജ്യത്ത് ഒരു ദിവസം 4.14 ലക്ഷം പേര്‍ക്ക് വരെ രോഗം സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ആയി കുറഞ്ഞു. അഞ്ച് ദിവസമായി ടി.പി.ആര് പത്തില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തമിഴ്നാട് (31,079), കര്‍ണാടക (22,823), കേരളം (22,318), മഹാരാഷ്ട്ര (20,740), ആന്ധ്രാപ്രദേശ് (14,429) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 22.28 ലക്ഷം ആളുകളാണ്. 2,84,601 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 90.80 ശതമാനമായി. 2,51,78,011 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്.
24 മണിക്കൂറിനിടെ 3617 പേര് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ 20.86 കോടി പേരെ വാക്സിനേഷന് വിധേയമാക്കി. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ആളുകളെയും വാക്സിനേഷന് വിധേയമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Discussion about this post