മുംബൈ: രാജ്താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേന വിട്ട് മുന്‍ എം.എല്‍.എ മാരായ മൂന്ന് ഉന്നത നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈ എം.എല്‍.എ ആയിരുന്ന പ്രവീണ്‍ ദാരേക്കര്‍, നാസിക് എം.എല്‍.എ ആയിരുന്ന വസന്ത് ഗീതേ, കല്യാണ്ഡോംബിവ്ലി എം.എല്‍.എ ആയിരുന്ന രമേഷ് പാട്ടീല്‍ എന്നിവരാണ് ബി.ജെ.പിയിലെത്തിയത്.
ഇക്കഴിഞ്ഞ നിയമസഭ,ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.എന്‍.എസിന്റെ അങ്ങേയറ്റം കഴിവുകെട്ട പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കനത്ത തിരിച്ചടിയായാണ് കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.എന്‍.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. നിയമസഭയില്‍ 13 പേരുണ്ടായിരുന്നിടത്ത് ഒറ്റയാളായി ചുരുങ്ങി. മറ്റൊരു എം.എന്‍.എസ് എം.എല്‍.എ ആയിരുന്ന രാം കദം തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ബി.ജെ.പിയില്‍ ചേക്കേറുകയും ഘാട്കോപ്പറില്‍ വിജയം ഉറപ്പാക്കുകയും ചെയ്തിരുന്നു. എം.എന്‍.എസിന്റെ കോട്ടയായ നാസിക്കില്‍ ബി.ജെ.പിയിലേക്കുള്ള കൂട്ടഒഴുക്ക് തുടരുകയാണ്.
Discussion about this post