സിംഗപ്പൂര്‍: ഇന്ത്യ-ചൈന ബന്ധം മോശം നിലയിലാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. ബെയ്ജിങ് നിരന്തരം ഉടമ്പടികള്‍ ലംഘിച്ചു. ഇതേക്കുറിച്ച് അവര്‍ക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ഇപ്പോള്‍ ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരില്‍ ‘പുതുലോകക്രമം’ സംബന്ധിച്ച് നടന്ന സാമ്പത്തിക ഫോറത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാന്‍ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഇത് പ്രധാനമാണ്. ഇന്ത്യയുടെ നിലപാടില്‍ ചൈനക്ക് ഒരു സംശയവുമുണ്ടാകില്ല. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ പലതവണ കണ്ടിരുന്നു. ഞാന്‍ വ്യക്തമായാണ് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് കേള്‍ക്കാന്‍ താല്പര്യമുണ്ടെങ്കില് അത് മനസ്സിലായിരിക്കും. ലോകശക്തികളുടെ അധികാര ക്രമത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട് എന്നത് ശരിയാണെങ്കിലും ചൈന അമേരിക്കക്ക് ബദല്‍ ആവുകയാണ് എന്ന വാദത്തില്‍ കഴമ്ബില്ലെന്നും ജയ്ശങ്കര് അഭിപ്രായപ്പെട്ടു.
Discussion about this post