സ്വന്തമായി മനുഷ്യബഹിരാകാശയാത്ര നടത്താനുള്ള ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗഗനയാൻ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ല് കൂടെ താണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഓ വിക്ഷേപണ സമുച്ചയത്തിൽ ഗഗനയാന പദ്ധതിയുടെ ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി.
720 സെക്കന്റുകൾ വിജയകരമായി പ്രവർത്തിപ്പിച്ച ക്രയോജനിക് എഞ്ചിൻ അതിന്റെ പരീക്ഷണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ പത്രക്കുറിപ്പിൽ അറിയിച്ചു. കണക്കുകൂട്ടിയ എല്ലാ ലക്ഷ്യങ്ങളും വ്യത്യാസങ്ങളൊന്നും ഇല്ലാതെ തന്നെ പരീക്ഷണത്തിൽ പൂർത്തിയാക്കി. മുഴുവൻ സമയവും ക്രയോജനിക് എഞ്ചിൻ കാര്യക്ഷമമായി പ്രവർത്തനം നടത്തി. മനുഷ്യരെ സ്വന്തമായി ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ചരിത്രപരമായ ശ്രമങ്ങൾക്ക് വലിയൊരു മുന്നേറ്റമാണ് ഈ പരീക്ഷണവിജയം.
ജിയോസിങ്ക്രൊണസ് സാറ്റലൈറ്റ് വെഹിക്കിൾ (Geosynchronous Satellite Launch Vehicle (GSLV)) മാർ 3 ആണ് ഗഗനയാൻ പദ്ധതിയുടെ ബഹിരാകാശവാഹനം. രണ്ട് ക്രയോജനിക് എഞ്ചിനുകളാവും അതിൽ ഉപയോഗിക്കുക. ഐ എസ് ആർ ഓ തന്നെ വികസിപ്പിച്ച ഈ എഞ്ചിനുകൾ വികാസ് എഞ്ചിനുകൾ എന്നാണ് അറിയപ്പെടുന്നത്. 12,400 കോടി രൂപയോളം ചിലവാണ് ഗഗനയാൻ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഈ വർഷം ജൂണിലാണ് നാം ഇതിന്റെ ആദ്യ ബഹിരാകാശപരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിക്രം അംബാലാൽ സാരാഭായി എന്ന പേരിൽ നിന്നാണ് വികാസ് ( VIKram Ambalal Sarabhai) എന്ന് നമ്മുടെ ക്രയോജനിക് എഞ്ചിനുകൾക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ബാംഗ്ളൂരിലെ സതീശ് ധവാൻ സ്പേസ് സെന്ററിൽ ബഹിരാകാശയാത്രികരുടെ പരിശീലനം ത്വരിതഗതിയിൽ നടന്നുകൊണ്ടിരിയ്ക്കുകയാണ്. തിരഞ്ഞെടുത്ത നാല് ബഹിരാകാശയാത്രികർ കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ റഷ്യയിൽ നിന്ന് ഒരുകൊല്ലം നീണ്ടുനിന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഭാരതീയ വ്യോമസേനയിലെ മൂന്ന് വിങ്ങ് കമാൻഡർമാരും ഒരു ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജി എസ് എൽ വി മാർക്ക് 3 ബഹിരാകാശ യാനത്തിന്റെ പ്രൊജക്ട് ഡയറക്ടർ ആയിരുന്ന എസ് സോമനാഥ് ഐ എസ് ആർ ഓ ചെയർമാൻ ആയി ചുമതലയേറ്റതിനു തൊട്ടു പിന്നേ ക്രയോജനിക് എഞ്ചിൻ പരിക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ഐ എസ് ആർ ഓയ്ക്കും വികാസ് എഞ്ചിൻ ടീം അംഗങ്ങൾക്കും ഇരട്ടിമധുരമായി. മലയാളിയായ എസ് സോമനാഥ് തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ Liquid Propulsion Systems Centre (LPSC) ഡയറക്ടർ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗഗനയാൻ പദ്ധതിയുടെ എഞ്ചിനുകളുടെ ഗവേഷണവും വികസനവും നടന്നത്.
Discussion about this post