കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ദിലീപ്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞു.
ബിഷപ്പുമായി ബാലചന്ദ്രകുമാറിന് നല്ല അടുപ്പമുണ്ടന്ന് അവകാശപ്പെട്ടു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യമെന്ന് ദിലീപ് പറയുന്നു.
വീട്ടിലെ റെയ്ഡിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോകളും ചാറ്റുകളുടെ പ്രിൻ്റ് ഔട്ടുമാണ്. 10 ലക്ഷത്തിലധികം ബാലചന്ദ്രകുമാർ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കൈപ്പറ്റിയിട്ടുണ്ട്. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതും നിസരിച്ചപ്പോള്‍ എഡിജിപി ബി സന്ധ്യയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നും ദിലീപ് വിശദീകരിക്കുന്നു.
ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ.
Discussion about this post