ന്യൂഡൽഹി: ഇക്കുറി റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽസിസി ഡൽഹിയിലെത്തി. ഇതാദ്യമായിട്ടാണ് റിപ്പബ്ലിക് ദിന പരേഡിൽ ഒരു ഈജിപ്ഷ്യൻ പ്രസിഡന്റിനെ രാജ്യം മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. അബ്ദുൽ ഫത്ത അൽസിസിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായിട്ടുളള അൽ സിസിയുടെ സന്ദർശനം എല്ലാ ഇന്ത്യക്കാർക്കും അതിയായ സന്തോഷം നൽകുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അൽസിസിയുമായി ബുധനാഴ്ച നടക്കുന്ന ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ഈജിപ്ഷ്യൻ പ്രസിഡന്റിനെ സ്വീകരിച്ചു.
പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി ദ്രൗപതി മുർമു, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, തുടങ്ങിയവരുമായും അൽ സിസി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒക്ടോബറിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ഈജിപ്ത് സന്ദർശന വേളയിലാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാനുളള പ്രധാനമന്ത്രിയുടെ ക്ഷണം അൽ സിസിക്ക് കൈമാറിയത്.
ഉന്നതതല പ്രതിനിധി സംഘം ഉൾപ്പെടെ അൽ സിസിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ, നയതന്ത്ര രംഗങ്ങളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.
Discussion about this post