ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്.
ഭീകരാക്രമണ കേസുകളിലെ പ്രതിയായ ബാസിത് ധറും കൂട്ടാളികളെയുമാണ് നിർണായക നീക്കത്തിലൂടെ സുരക്ഷാ സേന വധിച്ചത്. ഇവർക്കായി രാവിലെ മുതൽ തന്നെ കുൽഗാമിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. റെഡ്‌വാനി മേഖലയിൽ ആയിരുന്നു പരിശോധന. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിലിനായി എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പോലീസ് ഉദ്യോഗസ്ഥരെയും പ്രദേശവാസികളെയും കൊലപ്പെടുത്തിയതുൾപ്പെടെ 18 ഓളം കേസുകളിൽ പ്രതിയാണ് ബാസിത് ധർ. ഇതേ തുടർന്ന് ഇയാളുടെ തലയ്ക്ക് സുരക്ഷാ സേന 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ കൊല്ലപ്പെട്ടതോടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സുരക്ഷാ സേന.
Discussion about this post