അപൂര്‍വ്വയിനം ഭീമന് ട്രാപ്ഡോര്‍ എട്ടുകാലിയെ ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡ് മ്യൂസിയത്തിലെ ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ബ്രിസ്ബെയിനില്‍ പട്ടുനൂലും മണ്ണും കൊണ്ട് തീര്‍ത്ത ട്രാപ്ഡോറിന് (കെണിവാതില്‍) താഴെയാണ് ഗവേഷകര്‍ ഈ എട്ടുകാലിയെ കണ്ടെത്തിയത്. മണ്ണില്‍ മാളമുണ്ടാക്കി വാതില്‍ പോലുള്ള പാട നിര്‍മ്മിക്കുന്നത് കൊണ്ടാണ് ഈ വിഭാഗം എട്ടുകാലികളെ ട്രാപ്ഡോര്‍ എട്ടുകാലികള്‍ എന്ന് വിളിക്കുന്നത്.
യൂപ്ലോസ് ഡിഗ്നിറ്റസ് എന്നാണ് ഈ പുതിയ ട്രാപ്ഡോര്‍ എട്ടുകാലിയുടെ ശാസ്ത്രനാമം. മഹിമ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് ഇവയ്ക്ക് യൂപ്ലോസ് ഡിഗ്നിറ്റസ് എന്ന പേര് നല്‍കിയതെന്ന് ക്യൂന്സ്ലാന്ഡ് മ്യൂസിയം നെറ്റ്വര്‍ക്ക് അറിയിച്ചു. എട്ടുകാലിയുടെ വലുപ്പവും പ്രകൃതവും കണക്കിലെടുത്താണ് ഈ പേര്.
ഈ വിഭാഗത്തിലുള്ള എട്ടുകാലികള്‍ അവയുടെ മാളങ്ങളുടെ വാതില്‍ അടയ്ക്കുന്ന രീതി കാരണമാണ് ഇവ ട്രാപ്ഡോര്‍ എട്ടുകാലികള്‍ എന്നുവിളിക്കുന്നത്. ഒരു പഴുത് പോലും ഇല്ലാതെ പട്ടുനൂല്‍ കൊണ്ട് ബന്ധിക്കുന്ന ഇവയുടെ മാളങ്ങളുടെ വാതിലുകള്‍ കാണേണ്ടത് തന്നെയാണ്.
ഇവയുടെ കാല് ഒഴികെയുള്ള ശരീര ഭാഗത്തിന് 5 സെന്റിമീറ്റര്‍ വലുപ്പമുണ്ട്. തുറസ്സായ വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മധ്യ ക്യൂന്സ്ലാന്ഡ് മേഖലകളില്‍ കാണപ്പെടുന്ന കറുത്ത മണ്ണിലാണ് ഇവ മാളങ്ങള്‍ ഉണ്ടാക്കുന്നത്. മധ്യ ക്യൂന്‍സ്ലാന്‍ഡിലെ ഐയ്ഡ്വേള്ഡിനും മോണ്ടോയ്ക്കും ചുറ്റുമുള്ള ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. പക്ഷേ ഇവിടങ്ങളിലെ തറ നിരപ്പാക്കല്‍ കാരണം ഈ അപൂര്‍വ്വയിനം എട്ടുകാലികള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും ഭീമാകാരന്‍ എട്ടുകാലിയെ കണ്ട് ഇന്റെര്‍നെറ്റ് ലോകവും ഞെട്ടിയിരിക്കുകയാണ്. ക്യൂന്സ്ലന്ഡ് മ്യൂസിയത്തിലെ ഡിഐജി പ്രോജക്ട് ടീം ആണ് ഈ പുതിയയിനം എട്ടുകാലിയെ കണ്ടെത്തിയത്.
Discussion about this post