അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഇമിഗ്രേഷൻ അധികൃതർ. അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് സംഭവം. യുകെയിലേക്ക് പോകുന്നതിന് വേണ്ടിയാണ് കിരൺദീപ് വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ കയറുന്നതിന് മുൻപാണ് ഇവരെ തടയുന്നത്.
അമൃത്സർ റൂറൽ പോലീസ് അധികൃതരും വിവിധ രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരും കിർൺദീപിനെ ചോദ്യം ചെയ്തുവെന്നാണ് വിവരം. കിരൺദീപിനെ കസ്റ്റഡിയിൽ എടുത്തുവെന്ന സൂചന ഉണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രാവിലെ 11.30നാണ് കിരൺദീപ് വിമാനത്താവളത്തിൽ എത്തിയത്. ഉച്ചയ്ക്ക് 1.30നായിരുന്നു കിരൺദീപിന് പോകേണ്ടിയിരുന്ന ലണ്ടൻ വിമാനം.
ബ്രിട്ടീഷ് പൗരത്വമുള്ള കിരൺദീപ് ഈ വർഷം ഫെബ്രുവരിയിലാണ് അമൃത്പാൽ സിംഗിനെ വിവാഹം ചെയ്യുന്നത്. അമൃത്പാൽ സിംഗിന്റെ നേതൃത്വത്തിലുള്ള വാരിസ് പഞ്ചാബ് ദേ സംഘടനയ്ക്ക് വിദേശ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് കിരൺദീപിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. കഴിഞ്ഞ മാസം അവസാനവും പഞ്ചാബ് പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു.
താൻ ബ്രിട്ടീഷ് പൗരയാണെന്നും, തനിക്കെതിരെ കേസുകൾ ഒന്നുമില്ലെന്നുമാണ് ഇവർ പോലീസിനോട് ആവർത്തിച്ച് കൊണ്ടിരുന്നത്. അമൃത്പാൽ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇവരിൽ നിന്ന് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 18ാം തിയതി മുതൽ അമൃത്പാൽ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പഞ്ചാബ് പോലീസ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
Discussion about this post