ന്യൂഡൽഹി : ഒരു മാസത്തിലേറെ കാലം ഒളിവിലായിരുന്നു ഖാലിസ്ഥാൻ ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ഇന്ന് രാവിലെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. മോഗ ജില്ലയിലെ റോഡ് ഗ്രാമത്തിലെത്തിയ ഭീകരൻ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇയാളെ അസമിലെ ദിബ്രുഗഢിലുളള ജയിലിലേക്ക് അനുയായികൾക്കൊപ്പം മാറ്റാനുള്ള നീക്കങ്ങൾ നടക്കുകയാണ്.
എന്നാൽ തന്റെ മകൻ ചെയ്തത് വലിയ കാര്യമാണ് എന്നാണ് അമൃത്പാൽ സിംഗിന്റെ അമ്മ പറയുന്നത്. ” ന്യൂസ് ചാനലിൽ അവൻ പോലീസിന് മുന്നിൽ കീഴടങ്ങിയതാണെന്ന് കണ്ടു. അതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഒരു യോദ്ധാവിനെപ്പോലെയാണ് അവൻ കീഴടങ്ങിയത്. മകനെ പെട്ടെന്ന് തന്നെ നേരിട്ട് പോയി കാണും, നിയമപോരാട്ടം ആരംഭിക്കുകയും ചെയ്യും” അമ്മ പറഞ്ഞു.
മകൻ കീഴടങ്ങിയതിൽ സന്തോഷമുണ്ടെന്നാണ് അമൃത്പാൽ സിംഗിന്റെ അച്ഛൻ പറഞ്ഞത്. ” അവൻ കീഴടങ്ങണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെയും ആഗ്രഹം. ഞങ്ങളുടെ മകൻ കാരണം നിരവധി പേർ ചൂഷണം ചെയ്യപ്പെട്ടു. മകന് വേണ്ടി നിയമപോരാട്ടം നടത്തും” അച്ഛൻ വ്യക്തമാക്കി.
ഭാര്യ കിരൺദീപ് കൗറിനെ പഞ്ചാബ് പോലീസ് നിരീക്ഷണത്തിലാക്കിയതിനെ തുടർന്ന് അമൃത്പാൽ സിംഗ് കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ച അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ കിരൺദീപിനെ കയറാൻ അനുവദിച്ചിരുന്നില്ല. പഞ്ചാബ് പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതേ തുടർന്നാണ് അമൃത്പാൽ സിംഗ് കീഴടങ്ങിയത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Discussion about this post