കോഴിക്കോട്: തളി ക്ഷേത്രത്തിന് സമീപത്തുളള ജൂബിലി ഹാളിന്റെ പേര് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ഹാൾ എന്നാക്കാനുളള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതുപോലെ നടക്കുമെന്നും കോർപ്പറേഷൻ മേയർ അറിയിച്ചു. ഏകപക്ഷീയമായ സർവ്വകക്ഷിയോഗം വിളിച്ചാണ് ജൂബിലി ഹാളിന്റെ പേര് മാറ്റാനുളള തീരുമാനം കോർപ്പറേഷൻ ഉറപ്പിച്ചത്.
യോഗത്തിലേക്ക് തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെയും സാമൂതിരി രാജകുടുംബത്തെയും ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബിജെപിയും യോഗം ബഹിഷ്കരിച്ചു. തുടർന്ന് നടന്ന ഏകപക്ഷീയമായ യോഗമാണ് പുതിയ പേരുകളിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്.
പേര് മാറ്റുന്ന കാര്യം നാട്ടുകാരുമായി ആലോചിച്ചില്ലെന്ന് ആരോപിച്ച് ഹൈന്ദവ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് സമീപം നാമജപ കൂട്ടായ്മയും നടത്തിയിരുന്നു. കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കി നിർമിച്ച ജൂബിലി ഹാൾ, പാർക്ക് എന്നിവയാണ് പേര് മാറ്റത്തിലൂടെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.
സ്വാതന്ത്ര്യ സമരത്തിന്റെ ജൂബിലി എന്ന നിലയ്ക്കാണ് ജൂബിലി ഹാൾ എന്ന പേര് വന്നത്. എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കുമുളള ആദരവായിരുന്നു അത്. എന്നാൽ ഇപ്പോൾ ഒരാളുടെ പേര് മാത്രം നൽകുന്നത് ബാക്കിയുളളവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. പുതുക്കി പണിത പാർക്കിന് മാൻ ഹോളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ച നൗഷാദിന്റെ സ്മരണാർത്ഥം നൗഷാദ് പാർക്ക് എന്നാണ് പേര് മാറ്റുന്നത്. ഇതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ക്ഷേത്ര ഭൂമി ഇസ്ലാമിക വൽക്കരിക്കാനുളള നീക്കമാണിതെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ പണിത സ്വാതന്ത്ര്യസമര സ്മരണകൾ പ്രതിപാദിക്കുന്ന പേര് മാറ്റുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സപ്ലിമെന്ററി അജൻഡയായി ചേർത്താണ് പേരുമാറ്റം പാസാക്കിയത്.
തളി പ്രദേശത്തെ മർക്കസുദ്ധവ എന്ന് ഗൂഗിളിൽ രേഖപ്പെടുത്തിയതും വിവാദമായിരുന്നു. മാത്രമല്ല ചില റോഡുകളുടെ പേരുകളും ഇത്തരത്തിൽ രഹസ്യമായി മാറ്റിയതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജൂബിലി ഹാളിന്റെ ഉദ്ഘാടനം മന്ത്രി എംബി രാജേഷും നൗഷാദ് പാർക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസുമാണ് ഉദ്ഘാടനം ചെയ്യുക.
Discussion about this post