ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഇന്നുണ്ടാവാനിടയില്ലെന്ന് വിവരം. മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും അണിയറയിൽ കരുക്കൾ നീക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നീളുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
കർണാടക നിയമസഭാ കക്ഷിയോഗം ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കേ, ഹൈക്കമാൻഡ് നിരീക്ഷകരെ ചുമതലപ്പെടുത്തി. സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്രസിംഗ്, ദീപക് ബാബറിയ എന്നിവരെയാണ് കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയത്. മൂവരും ഇന്ന് വൈകുന്നേരത്തോടെ ബംഗളൂരുവിലെത്തും. മൂവരും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമെന്നാണ് വിവരം. തുടർന്ന് ഇവർ ഹൈക്കമാൻഡിന് വിശദമായ റിപ്പോർട്ട് നൽകും. ഇത് കൂടി പരിശോധിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുക.
മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കൊപ്പമാണ് 70 ശതമാനം എംഎൽഎമാരും രാഹുൽ ഗാന്ധിയും. അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അർഹതപ്പെട്ടതാണ് മുഖ്യമന്ത്രിസ്ഥാനമെന്നാണ് അണികളുടെ വാദം.
അതേസമയം 2018 ൽ കർണാടകയിൽ സർക്കാർ മാറ്റത്തിന്റെ സമയം മുതൽക്കേ അടുത്ത തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ മെനഞ്ഞ് വിജയകിരീടം ചൂടാൻ നേതൃത്വം വഹിച്ച ഡികെ ശിവകുമാറിനെ തഴയാനും കഴിയില്ല.
ഇരുവരെയും ഭാവി മുഖ്യമന്ത്രിയായി അവരോധിച്ച് അണികൾ തമ്മിൽ തർക്കവും ആരംഭിച്ചിട്ടുണ്ട്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ, മുഖ്യമന്ത്രിപദത്തിലേക്ക് നേതാവിനെ കണ്ടെത്തി തർക്കത്തിന് സമവായം കണ്ടെത്തുകയെന്ന ഭാരിച്ച ദൗത്യമാണ് ഹൈക്കമാൻഡിന് മുമ്പിലുള്ളത്.
Discussion about this post