ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൽ ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജസ്റ്റീസ് അഭയ് മനോഹർ സാപ്രെയുടെ നേതൃത്വത്തിൽ ആറംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
സെബിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നതിന് യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും അദാനിയുടെ ഓഹരി വില കുതിച്ചുയർന്നതിൽ യാതൊരു ക്രമക്കേടും കാണുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഓഹരിവിലയിൽ കൃത്രിമം കാട്ടുന്നുവെന്ന് ആയിരുന്നു യുഎസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബെർഗിന്റെ റിപ്പോർട്ട്. മെയ് ആറിനാണ് സമിതി റിപ്പോർട്ട് നൽകിയത്.
വിഷയത്തിൽ സെബിയും സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്. രണ്ട് മാസങ്ങൾക്കുള്ളിൽ ഇതിന്റെ റിപ്പോർട്ട് നൽകണമെന്ന് ആയിരുന്നു നിർദ്ദേശം. എന്നാൽ സെബി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 14 വരെ സമയം നൽകിയിട്ടുണ്ട്. 2016 മുതലുളള രേഖകൾ പരിശോധിക്കുന്നുണ്ടെന്ന തരത്തിൽ ചില പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും സെബി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ആരോപണം സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ തിരിച്ചുവിടുകയും ചെയ്തിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചിരുന്നു.
Discussion about this post