ചെന്നൈ: ഡിഎംകെ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നു. വള്ളൂരിൽ എഐഎഡിഎംകെ പ്രവർത്തകനെ വെട്ടിക്കൊന്നു. ബ്രാഞ്ച് സെക്രട്ടറി പഞ്ചനാഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഠിനമായ ചൂട് ആയതിനാൽ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്നു പഞ്ചനാഥൻ. ഇതിനിടെ ആയുധങ്ങളുമായി എത്തിയ ഒരു സംഘം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്ക് വന്ന വീട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവർക്ക് നേരെയും സംഘം വടിവാൾ വീശി. നിരവധി തവണ വെട്ടിയ ശേഷം അക്രമി സംഘം വാഹനങ്ങളിൽ മടങ്ങുകയായിരുന്നു. ഇതിന് മുൻപായി കല്ലെടുത്ത് അദ്ദേഹത്തിന്റെ തലയിൽ അടിച്ച് മുഖം വികൃതമാക്കുകയും ചെയ്തിരുന്നു.
ഉടനെ പഞ്ചനാഥനെ കുടുംബം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഡിഎംകെ പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രവർത്തകരിൽ നിന്നും പഞ്ചനാഥന്‍ ഭീഷണിയുണ്ടായിരുന്നു. രണ്ട് മാസം മുൻപും ഡിഎംകെ പ്രവർത്തകർ അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ ഡിഎംകെ നേതാവാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ ആഴ്ച തിരുവള്ളൂരിൽ ഡിഎംകെ പഞ്ചായത്ത് പ്രസിഡന്റിനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Discussion about this post