ശ്രീനഗർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. നാല് ദിവസമായി ശക്തിപ്രാപിച്ച മഴ കനത്ത നാശമാണ് ഉത്തരേന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം രൂപപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിലും രൂക്ഷമായതോടെ നിരവധി പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം അഞ്ചുപേരാണ് മരിച്ചത്. അപകടാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 24 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്. ചമ്പ, കുളു,ഷിംല,സിർമൗർ,സോലൻ,മണ്ഡി ജില്ലകളിലാണ് മുന്നറിയിപ്പ്.
മിന്നൽപ്രളയത്തിൽ നിരവധി പാലങ്ങളും വീടുകളും ഒലിച്ചുപോയി. ഞായറാഴ്ച മുതൽ പത്ത് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതി തീവ്രമഴ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 14 വലിയ ഉരുൾപൊട്ടലും 13 മിന്നൽ പ്രളയങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 700-ലധികം റോഡുകൾ അടച്ചു.
അതേസമയം മണാലിയിൽ കൊച്ചിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിമാചൽപ്രദേശിൽ മലയാളി യുവാക്കൾ ഒറ്റപ്പെട്ടു. മണാലിക്ക് സമീപം തോഷിലാണ് വർക്കല സ്വദേശി യാക്കൂബും കൊല്ലം സ്വദേശി സെയ്ദലിയും കുടുങ്ങിയത്. ഇന്നലെ രാവിലെ മുതൽ ഫോണിലും ബന്ധപ്പെടാനായിട്ടില്ല.
Discussion about this post