മൂവാറ്റുപുഴ : നിർമല കോളേജ് വിദ്യാർത്ഥിനി നമിതയുടെ മരണത്തിന് ഇടയാക്കിയ ആൻസൺ റോയുടെ പേരിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളുണ്ടെന്ന് പോലീസ്. ഇയാൾ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തൽ. അപകടമുണ്ടാകുന്നതിന് തൊട്ട് മുൻപ് ഇയാൾ കോളേജിന് മുന്നിൽ അമിത വേഗത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്നു.
കോളേജിന് മുന്നിൽ വെച്ച് ആൻസൺ ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ ആൻസണും മറ്റ് വിദ്യാർത്ഥികളും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് സ്ഥലംവിട്ട ആൻസൺ വീണ്ടും അമിതവേഗത്തിൽ തിരിച്ചെത്തി വിദ്യാർത്ഥിനികളെ ഇടിക്കുകയായിരുന്നു. നമിതയും അനുശ്രീ രാജനും കോളേജിൽനിന്ന് കൂട്ടുകാർക്കൊപ്പം വീട്ടിൽ പോകാനെത്തിയതായിരുന്നു സംഭവം നടന്നത്. ഇവർ കോളേജിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗത്തിൽ ബൈക്ക് പാഞ്ഞെത്തുകയായിരുന്നു.
വിദ്യാർത്ഥികളെ ഇടിച്ച ബൈക്ക് കുറേയേറെ ദൂരം മുന്നോട്ടു പോയി. നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് മുന്നോട്ടു പോയെന്നാണ് വിവരം. തുടർന്ന് നമിത റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. വീഴ്ച ശക്തമായതിനാൽ തലയ്ക്കു വലിയ രീതിയിലുള്ള പരിക്കേറ്റുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടശേഷം ആശുപത്രിയിലെത്തിച്ചപ്പോൾ ”വാഹനമായാൽ ഇടിക്കും” എന്നാണ് ആൻസൺ പറഞ്ഞത്. ഇതോടെ ആശുപത്രി പരിസരത്ത് വിദ്യാർത്ഥികൾ ചേർന്ന് സംഘർഷം സൃഷ്ടിക്കുകയായിരുന്നു. മുന്നൂറോളം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്. പോലീസും അദ്ധ്യാപരും ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണ് ഇവരെ അവിടെ നിന്ന് നീക്കിയത്.
Discussion about this post