ഗാസിയാബാദ്: നായയുടെ കടിയേറ്റ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ച 14കാരൻ പേവിഷബാധയേറ്റ് മരിച്ചു. ബുലന്ദ്ഷഹറിൽ നിന്ന് ഗാസിയാബാദിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷഹവാസ് ആണ് മരിച്ചത്. ഒരു മാസം മുൻപാണ് ഷഹവാസിന് നായയുടെ കടിയേൽക്കുന്നത്. കഴിഞ്ഞ ദിവസം പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച ഷഹ്വാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചരൺ സിംഗ് കോളനിയിലാണ് ഷഹവാസ് താമസിക്കുന്നത്. ഒന്നര മാസം മുൻപാണ് അയൽവാസിയുടെ നായ കുട്ടിയെ കടിച്ചത്. നായ കടിച്ച വിവരം മാതാപിതാക്കളെ പേടിച്ച് കുട്ടി മറച്ചു വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ കുട്ടി അസാധാരണമായ രീതിയിൽ പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മാതാപിതാക്കൾ ഷഹവാസിനെ ആശുപത്രിയിൽ എത്തിച്ചത്.
ഈ മാസം ഒന്നാം തിയതി മുതൽ ഷഹവാസ് ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ നിർത്തിയിരുന്നു. ഈ സമയത്താണ് അയൽവാസിയുടെ നായ കടിച്ച വിവരം മാതാപിതാക്കളോട് പറയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഗാസിയാബാദിലേക്ക് കൊണ്ടുപോകാനുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post