ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അർപ്പിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം രാജ്ഘട്ടിലെത്തി പുഷ്പ ചക്രം അർപ്പിച്ചു. ജി20 ഉച്ചകോടിയുടെ രണ്ടാം ദിനമാണ് ഇന്ന്.
രാവിലെയോടെയായിരുന്നു പ്രധാനമന്ത്രിയും ലോക നേതാക്കളും രാജ്ഘട്ടിൽ എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ചൈനീസ് പ്രതിനിധി ലി ഖ്വിയാംഗ്, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലെവ്റോവ് എന്നിവരാണ് രാജ്ഘട്ടിൽ എത്തിയത്. മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. എല്ലാവരും രാജ്ഘട്ടിൽ പുഷ്പ ചക്രം അർപ്പിച്ചു.
രാജ്ഘട്ടിൽ എത്തിയ ലോക നേതാക്കളെ പ്രധാനമന്ത്രി ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രി ലോകനേതാക്കൾക്ക് വിവരിച്ച് നൽകി. സബർമതി ആശ്രമത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. ജി20 ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന്റെ പരിസരത്തും വെള്ളക്കെട്ടുണ്ട്. രാത്രി മുഴുവൻ ശക്തമായ മഴയായതിനാൽ രാജ്ഘട്ട് സന്ദർശിക്കാൻ കഴിയുമോയെന്നകാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ രാവിലെ മഴ മാറി നിൽക്കുകയായിരുന്നു.
Discussion about this post