റബാത്ത്: മൊറോക്കോയിൽ വെളളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നു. ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് പ്രകാരം 2122 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 2400 കടന്നു. മറക്കേഷിലെ മലയോര ഗ്രാമങ്ങളിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്. ചില ഗ്രാമങ്ങൾ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണ്.
മോറോക്കയിലെ സൈന്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഖത്തറിൽ നിന്നും സ്പെയിനിൽ നിന്നുമുൾപ്പെടെയുളള രക്ഷാപ്രവർത്തക സംഘങ്ങൾ സഹായത്തിനുണ്ട്. ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും കൂടുതൽ സഹായങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ റെഡ് ക്രോസ് ആന്റ് റെഡ് ക്രെസന്റ് സൊസൈറ്റീസ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ അടിയന്തരമായി ഒരു മില്യൻ ഡോളർ അനുവദിച്ചു.
അതേസമയം മലയോര മേഖലയിലേക്കുളള റോഡുകൾ തകർന്നതിനാൽ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ പോലും എത്തിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഗതാഗത തടസം നീക്കി സാധനങ്ങൾ എത്തിക്കാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഭൂചലനത്തിൽ നാശം നേരിട്ട ആശുപത്രികൾക്ക് പുറത്ത് താൽക്കാലിക ടെന്റുകൾ കെട്ടിയാണ് പരിക്കേറ്റവർക്ക് പലയിടത്തും ചികിത്സ നൽകുന്നത്.
മൂന്ന് ലക്ഷത്തോളം പേരെ ഭൂചലനം ബാധിച്ചതായിട്ടാണ് യുഎൻ നിഗമനം. വെളളിയാഴ്ച രാത്രി 11 മണിയോടെയാണ് വിനോദസഞ്ചാര കേന്ദ്രം കൂടിയായ മറക്കേഷിലും മറ്റ് അഞ്ച് പ്രവിശ്യകളിലും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുകയും ചെയ്തു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരുന്ന മേഖലയിൽ നിരവധി ചരിത്ര സ്മാരകങ്ങളും ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്.
Discussion about this post