തിരുവനന്തപുരം : ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 16) അവധി പ്രഖ്യാപിച്ച് കളക്ടർ. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ അതിശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ ക്വാറി, മൈനിംഗ് പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ബീച്ചുകളിൽ വിനോദ സഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
Discussion about this post