റിയാദ്: ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി സൗദി അറേബ്യ. കാക്കകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നിയന്ത്രിക്കാനുള്ള നടപടികൾ സൗദി അറേബ്യ ആരംഭിച്ചു.
സൗദിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് ഇന്ത്യൻ കാക്കകൾ കൂട്ടത്തോടെ കാണപ്പെടുന്നത്. ഇതേ തുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്കുള്ളിൽവരെ കാക്കൾ എത്തുന്നുണ്ട്. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്. ആളുകളെ ആക്രമിക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്.
പറക്കുന്ന കാക്കകൾ വൈദ്യുതി ലൈനുകളിൽ ഇടിക്കുന്നുണ്ട്. ഇത് വൈദ്യുതി തടസ്സം ഉണ്ടാക്കുന്നുണ്ട്. കടൽപക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും കാക്കകൾ തിന്നുതീർക്കുന്നുണ്ട്. കന്നുകാലികളുടെ കണ്ണുകൾ കൊത്തി പരിക്കേൽപ്പിക്കുകയും കാക്കകൾ ചെയ്യുന്നുണ്ട്. ഇതിന് പുറമേ രോഗവ്യാപനത്തിനും കാക്കകൾ കാരണമാകുന്നു.
കാക്കകളെ നിയന്ത്രിക്കുന്നതിനായി എണ്ണമെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിയ്ക്ക് നേതൃത്വം നൽകുന്നത്. എണ്ണമെടുപ്പ് പൂർത്തിയായ ശേഷം കാക്കളെ തുരത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. പുനരുൽപ്പാദനത്തിലൂടെ കാക്കകൾ പെരുകാതിരിക്കാനുള്ള നടപടികൾ ഉൾപ്പെടെയാണ് അവലംബിക്കുന്നത്. ഇതുവഴി 70 ശതമാനം കാക്കകളെ തുരത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post