ആധുനിക ജീവിതശൈലി ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ ഒരു അവയവമാണ് കണ്ണ്. മൊബൈൽ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ എല്ലാം അമിതമായ ഉപയോഗം മൂലം ഇന്ന് പലർക്കും കാഴ്ച പ്രശ്നങ്ങൾ പതിവാണ്. ഈ നൂതനം ജീവിതശൈലിയിൽ കണ്ണുകൾക്ക് സംരക്ഷണം കൊടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില സൂപ്പർ ഫുഡുകൾ പരിചയപ്പെടാം.
കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പോഷകമാണ് വിറ്റാമിൻ എ. പ്രകാശകിരണങ്ങളെ നമ്മൾ കാണുന്ന ചിത്രങ്ങളാക്കി മാറ്റാൻ റെറ്റിനയ്ക്ക് ധാരാളം വിറ്റാമിൻ എ ആവശ്യമാണ്. അതിനാൽ തന്നെ മികച്ച കാഴ്ച ശക്തി നിലനിർത്താനായി വിറ്റാമിൻ എ ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറികളും ഫലവർഗങ്ങളും കഴിക്കേണ്ടതാണ്. ഓറഞ്ച്, മധുരക്കിഴങ്ങ്, മസ്ക് മെലൺ, ആപ്രിക്കോട്ട് എന്നിവ വിറ്റാമിൻ എയുടെ മികച്ച ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് സഹായികരമാകും.
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കണ്ണുകൾ വരളുന്നത് തടയാനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കും. ട്യൂണ, സാൽമൺ, മത്തി, അയല, നത്തോലി, പുഴ മീനുകൾ എന്നിവയെല്ലാം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഫലപ്രദമാണ്. അതുപോലെതന്നെ കണ്ണിന് ഏറെ ഫലപ്രദമാണ് പരിപ്പ് വർഗ്ഗങ്ങളായ അണ്ടിപ്പരിപ്പ്, വാൽനട്ട്, നിലക്കടല എന്നിവ. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളവയാണ് ഈ പരിവർഗ്ഗങ്ങൾ.
വിറ്റാമിൻ സിയും കണ്ണിന് ഏറെ ആവശ്യമായ പോഷകമാണ്. ഇതിനായി സിട്രസ് പഴങ്ങളും ഇലക്കറികളും ധാരാളമായി കഴിക്കേണ്ടതുണ്ട്. ഓറഞ്ച്, നാരങ്ങ, മുസംബി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇലക്കറികൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ്. ഇവ കാഴ്ച ശക്തിക്ക് ഏറെ സഹായകരമാണ്.
Discussion about this post