മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡുമായി ഏറ്റുമുട്ടും. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ന്യൂസിലൻഡിന് മുന്നിൽ മുട്ടുമടക്കുന്നു എന്ന പതിവ് തിരുത്തി ഫൈനലിലേക്ക് മുന്നേറാൻ രോഹിതും സംഘവും ഇറങ്ങുമ്പോൾ, ചരിത്രം ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ് കിവികൾ പാഡണിയുക.
മികച്ച ഫോമിൽ കളിക്കുന്ന സന്തുലിതമായ ഇന്ത്യൻ ടീമിനെ നേരിടുക എന്നത് കിവികൾക്ക് ഇന്ന് കനത്ത വെല്ലുവിളിയാകും എന്നത് ഉറപ്പാണ്. ഈ ലോകകപ്പിൽ ഇന്നേ വരെ തോൽവിയറിയാത്ത ടീം, ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം എന്നിവയാണ് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി വെല്ലുവിളി ഉയർത്താം എന്ന കണക്ക്കൂട്ടലാണ് ന്യൂസിലൻഡിന്.
നാല് വർഷങ്ങൾക്ക് മുൻപ് കെയ്ൻ വില്ല്യംസണിനും സംഘത്തിനുമെതിരെ സെമി ഫൈനൽ കടമ്പയിൽ തട്ടി വീണതിന്റെ കയ്പേറിയ ഓർമ്മകൾ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളുടെ മനസിൽ ഉണ്ടാകും. ആ കണക്കുകൾ തീർക്കാനുറച്ചാകും വാംഖഡെയിലെ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ അവർ ഇറങ്ങുക.
ഓൾഡ് ട്രഫോർഡിലെ കിവി ഷോക്കിൽ അപ്രസക്തമായത് രോഹിത് ശർമ്മ നേടിയ എണ്ണം പറഞ്ഞ അഞ്ച് സെഞ്ച്വറികളായിരുന്നു. ഒരു ഐസിസി കിരീടവും നേടാൻ സാധിക്കാതെ അപൂർണമായി വിരാട് കോഹ്ലിയുടെ ക്യാപ്ടൻസി കരിയർ അവസാനിക്കാൻ പ്രധാന കാരണവും ആ പരാജയമായിരുന്നു. ഓപ്പണിംഗ് മുതൽ മദ്ധ്യനിര വരെ മികച്ച ഫോമിൽ കളിച്ച കെ എൽ രാഹുലിനും ആ പരാജയം നൽകിയത് കനത്ത ആഘാതമായിരുന്നു. ഒൻപത് മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബൂമ്ര, അവസാന നിമിഷം വരെ കീഴടങ്ങാതെ പൊരുതിയ രവീന്ദ്ര ജഡേജ എന്നിവർക്കും ഇന്ന് കിവികളോട് ചിലത് പറയാനുണ്ടാകും.
കഴിഞ്ഞ ലോകകപ്പിന് ശേഷം ന്യൂസിനഡിനെതിരെ ഏകദിനത്തിൽ ഇന്ത്യ വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. എന്നാൽ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ന്യൂസിലൻഡിനെതിരായ മോശം ചരിത്രം ഇന്ത്യക്ക് സമ്മർദ്ദമുണ്ടാക്കിയേക്കും. അതേസമയം, എണ്ണം പറഞ്ഞ് കണക്ക് തീർക്കാൻ തന്നെയായിരിക്കും രോഹിതിന്റെയും സംഘത്തിന്റെയും തീരുമാനം.
2016 ട്വന്റി 20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നാഗ്പൂരിലെ തോൽവി, 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി, 2021 ട്വന്റി 20 ലോകകപ്പിലെ ദുബായിലെ 8 വിക്കറ്റ് തോൽവി, അങ്ങനെ കണക്കുകൾ ഏറെയാണ് ടീം ഇന്ത്യക്ക് തീർക്കാൻ ബാക്കിയുള്ളത്. ധർമ്മശാലയിൽ ദിവസങ്ങൾക്ക് മുൻപ് കിവികളെ വീഴ്ത്തിയ പോരാട്ടവീര്യം ഇന്നും ആവർത്തിക്കാനായാൽ ചരിത്ര ഫൈനലിലേക്ക് ആഘോഷപൂർവം ഇന്ത്യക്ക് നടന്ന് കയറാം.
എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബാറ്റിംഗ് നിര, തീ തുപ്പുന്ന പേസ് ത്രയം, മികച്ച താളത്തിൽ പന്തെറിയുന്ന സ്പിന്നർമാർ, കളത്തിൽ പറന്ന് നിൽക്കുന്ന ഫീൽഡർമാർ, തന്ത്രശാലിയായ നായകൻ എന്നിവയാണ് ഇന്ത്യയുടെ കരുത്ത്. മികച്ച ഫോമിൽ കളിക്കുന്ന ബാറ്റ്സ്മാന്മാർ, ടിം സൗത്തിയും ട്രെന്റ് ബോൾട്ടും നയിക്കുന്ന പരിചയ സമ്പന്നമായ പേസ് നിര, ലോകോത്തര ഫീൽഡിംഗ് നിലവാരം, മികച്ച ക്യാപ്ടൻസി എന്നിവ കിവീസിന്റെയും കരുത്താണ്. ഈ ലോകകപ്പിലെ സന്തുലിതമായ രണ്ട് ടീമുകൾ ക്രിക്കറ്റ് ദൈവത്തിന്റെ ഹോം ഗ്രൗണ്ടിൽ കൊമ്പ് കോർക്കുമ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ആവേശം വാനോളമുയരുന്ന ഒരു തീപ്പൊരി പോരാട്ടത്തിനായിരിക്കും എന്നത് ഉറപ്പാണ്.
Discussion about this post