ഭോപ്പാൽ: തിരഞ്ഞെടുപ്പ് ദിനത്തിൽ മദ്ധ്യപ്രദേശിലെ കന്നി വോട്ടർമാർക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ടുകൾ രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിലെ മുഴുവൻ വോട്ടർമാരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകുമെന്നകാര്യത്തിൽ അതിയായ ആത്മവിശ്വാസം ഉണ്ട്. ആദ്യമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന എല്ലാ യുവതി- യുവാക്കൾക്കും ആശംസകൾ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഛത്തീസ്ഗഡിൽ ഇന്ന് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ്. ഇന്ന് വോട്ട് രേഖപ്പെടുത്തുന്നവർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഛത്തീസ്ഗഡിൽ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആണ് നടക്കുന്നത്. എല്ലാവരും വോട്ട് ചെയ്ത് പോളിംഗ് ശതമാനം റെക്കോർഡിൽ എത്തിക്കണം. നിങ്ങൾ ഓരോരുത്തരുടെയും വോട്ട് ജനാധിപത്യ പ്രക്രിയയെയും അതിന്റെ പാരമ്പര്യത്തെയും ഉയർത്തിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിൽ 230 നിയസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ 7 മണി മുതൽ തന്നെ സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഡിൽ 70 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന്. 90 നിയമസഭാ സീറ്റുള്ള ഛത്തീസ്ഗഡിൽ 20 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം ഏഴിന് പൂർത്തിയായിരുന്നു.
Discussion about this post