അഹമ്മദാബാദ്: ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കൊമ്പ് കോർക്കുമ്പോൾ, ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കാൻ തയ്യാറായി ഇന്ത്യൻ വ്യോമസേന. നവംബർ 19ന് നടക്കുന്ന ഫൈനൽ മത്സരത്തിന് മുന്നോടിയായി വ്യോമസേനയുടെ സൂര്യകിരൺ ടീം എയർ ഷോ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഫൈനൽ മത്സരം ആരംഭിക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് എയർ ഷോ നടക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷോയുടെ റിഹേഴ്സലുകൾ നടക്കും. രാജ്യത്താകമാനം നിരവധി എയർ ഷോകൾ സംഘടിപ്പിച്ചിട്ടുള്ള സൂര്യകിരൺ ടീമിന്റെ ഒൻപത് വിമാനങ്ങളാണ് ഞായറാഴ്ച ആകാശവീഥിയിൽ മാന്ത്രികത സൃഷ്ടിക്കുക.
ബുധനാഴ്ച മുംബൈയിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഓസീസ് മുന്നേറ്റം.
Discussion about this post