കോഴിക്കോട് : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും വിചാരണ കൂടാതെ വെടിവച്ചു കൊല്ലണമെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. കാസര്‍കോട് നടന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം.
“രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി ന്യൂറംബര്‍ഗ് വിചാരണകള്‍ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഉപയോഗിച്ചു. ന്യൂറംബര്‍ഗ് വിചാരണയില്‍, യുദ്ധക്കുറ്റവാളികളെ വിചാരണ കൂടാതെ വെടിവച്ചു കൊല്ലുകയാണ് ചെയ്തത്. ന്യൂറംബര്‍ഗ് മോഡല്‍ ട്രയല്‍ നടത്തേണ്ട സമയമാണിത്. ബെഞ്ചമിന്‍ നെതന്യാഹു യുദ്ധക്കുറ്റവാളിയായി ലോകത്തിന് മുന്നില്‍ നില്ക്കുന്നു. വിചാരണ കൂടാതെ നെതന്യാഹുവിനെ വെടിവെച്ച് കൊല്ലാനുള്ള സമയമാണിത്, കാരണം അതാണ് അദ്ദേഹം ചെയ്യുന്ന ക്രൂരതയുടെ അളവ്”, രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ജനീവ കണ്‍വെന്‍ഷന്റെ എല്ലാ കരാറുകളും ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ഇസ്രായേല്‍-ഹമാസ് യുദ്ധം 43-ാം ദിവസത്തിലേക്ക് പ്രവേശിച്ചു, ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുതായും കോണ്‍ഗ്രസ് എംപി കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം പുറത്ത് വന്നതോടെ രാജ് മോഹന്‍ ഉണ്ണിത്താനെതിരെ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവംബര്‍ 23 ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) കോഴിക്കോട് ബീച്ചില്‍ റാലി നടത്തും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പലസ്തീന് അനുകൂല പരിപാടി ഉദ്ഘാടനം ചെയ്യും.
Discussion about this post