അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോൽവി വഴങ്ങിയ ടീം ഇന്ത്യയെ ചേർത്തുനിർത്തി പരിശീലകൻ രാഹുൽ ദ്രാവിഡ്. ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പെടെ പലരും നിരാശരായിരുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ അവരുടെ വികാരപ്രകടനങ്ങൾ കണ്ടുനിൽക്കുക പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. ഫൈനലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദ്രാവിഡ്.
അവർ എത്രത്തോളം കഠിനമായി ഇതിന് വേണ്ടി അധ്വാനിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. എന്തൊക്കെ ത്യാഗങ്ങൾ അവർ സഹിച്ചിട്ടുണ്ടെന്നും. അതുകൊണ്ടു തന്നെ ഇങ്ങനൊരു ഫലം അംഗീകരിക്കുക കഠിനമായ കാര്യമാണ്. ഒരു മാസമായി അവരുടെ ഭാഗത്ത് നിന്നുണ്ടായ പരിശ്രമവും അവരുടെ കളിയുടെ രീതികളും എല്ലാം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇത് കണ്ടുനിൽക്കുക ബുദ്ധിമുട്ടാണ്. പക്ഷെ അതാണ് സ്പോർട്സ്, സംഭവിച്ചാൽ അത് സംഭവിക്കും ആ ദിവസത്തെ മികച്ച ടീമായിരിക്കും വിജയിക്കുക. പക്ഷെ നാളെ രാവിലെയും സൂര്യൻ ഉദിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ഇതിൽ നിന്ന് പഠിക്കും, മുൻപോട്ടു പോകും ദ്രാവിഡ് കൂട്ടിച്ചേർത്തു.
സ്പോർട്സിൽ ചിലപ്പോൾ വലിയ ഉയരങ്ങൾ കീഴടക്കിയേക്കാം അതുപോലെ തന്നെ താഴ്ചകളും സംഭവിക്കാം. പക്ഷെ നിർത്താതെ മുൻപോട്ടു പോകുകയാണ് ചെയ്യാനുളളത്. വലിയ വീഴ്ചകളിൽ നിന്നുളള അനുഭവങ്ങൾ ഇല്ലെങ്കിൽ നമുക്ക് ചില കാര്യങ്ങൾ പഠിക്കാൻ പറ്റില്ലെന്നും ദ്രാവിഡ് പറഞ്ഞു.
പരാജയമറിയാതെ പത്ത് കളികൾ വിജയിച്ച് ഫൈനലിൽ എത്തിയ ഇന്ത്യ കലാശക്കളിയിൽ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
Discussion about this post