തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ മഴ ലഭിച്ചേക്കാവുന്ന ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
കോമറിൻ മേഖലയിൽ നിന്ന് മദ്ധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിൻറെ ഫലമായാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. വരുന്ന അഞ്ച് ദിവസവും സമാന കാലാവസ്ഥ തുടരും. ഇന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും ആയിരുന്നു. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച ജില്ലകളിൽ ഇന്നലെ രാത്രിയുൾപ്പെടെ ശക്തമായ മഴയാണ് ലഭിച്ചത്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതും സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആണ്.
Discussion about this post