മുംബൈ: നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായി ബന്ധമുള്ളവരെ (ഐഎസ്ഐഎസ്) കണ്ടെത്താൻ മഹാരാഷ്ട്രയിലും കർണാടകയിലുമായി നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. റെയ്ഡുകളിൽ ഇത് വരെ പിടികൂടിയ ഭീകരരുടെ എണ്ണം 15 ആയി.
മഹാരാഷ്ട്രയിലെ പദ്ഘ-ബോരിവാലി, താനെ, മീരാ റോഡ്, പൂനെ, കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലെ 44 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഇന്ന് രാവിലെ മുതൽ പരിശോധന നടത്തിയത്. ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് 15 പ്രതികളെ പിടികൂടിയതായി എൻഐഎ വ്യക്തമാക്കി.
വൻതോതിൽ പണവും തോക്കുകൾ ഉൾപ്പടെ മാരക ആയുധങ്ങളും കുറ്റാരോപിത രേഖകളും സ്മാർട്ട് ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇന്ത്യയിലുടനീളം ഭീകരതയും അക്രമവും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയ പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് മഹാരാഷ്ട്ര മൊഡ്യൂളിലെ അംഗങ്ങളാണ് പ്രതികളെന്നും അന്വേഷണത്തിൽ വ്യക്തമായി. അക്രമാസക്തമായ ജിഹാദ്, ഖിലാഫത്ത്, ഐഎസ് മുതലായവയുടെ പാത പിന്തുടരുന്ന പ്രതികൾ, ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യുന്നതിനൊപ്പം രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.
Discussion about this post