കോഴിക്കോട് :ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അറസ്റ്റില്‍. നബീസയാണ് അറസ്റ്റിലായത്.അതേസമയം ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. ഈ മാസം നാലിനാണ് ഷബ്നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ അറസ്റ്റ് ചെയ്തിരുന്നു. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. അമ്മാവന്റെ ജാമ്യാപേക്ഷയും ഒളിവിലുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
മരിക്കുന്നതിന് മുന്‍പ് ഷബ്ന തന്നെ മൊബൈലില്‍ പകര്‍ത്തിയ ,ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം . കൂടാതെ ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തി . ബന്ധുക്കള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്ന മുറിയില്‍ കയറി ആത്മഹത്യ ചെയ്തത്.
മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാത്തതില്‍ പോലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post