വാരാണസി: വാരാണസിയിൽ നടക്കുന്ന രണ്ടാം ഘട്ട കാശി തമിഴ് സംഗമത്തിൽ തത്സമയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവർത്തന ടൂൾ ‘ഭാഷിണി‘ ആദ്യമായി ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷ അറിയാവുന്നവർക്ക് വേണ്ടിയാണ് താൻ ഇത് ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പുതിയ സാങ്കേതിക വിദ്യയുടെ മുഖമുദ്ര. ഇത് പുതിയ ഒരു തുടക്കമാണ്. ഇതിലൂടെ , നിങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തിച്ചേരാൻ എനിക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുകയാണ്. നമോ ഘട്ടിൽ പ്രധാനമന്ത്രി പറഞ്ഞു.
ഏക ഭാരത്, ശ്രേഷ്ഠ ഭാരതിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പരിപാടിയാണ് കാശി തമിഴ് സംഗമമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഡിസംബർ 17 മുതൽ 30 വരെ ഇതിന്റെ രണ്ടാം ഘട്ടമാണ് നടക്കുന്നത്.
സ്വന്തം ഭാഷയിൽ സംസാരിച്ചു കൊണ്ട് തന്നെ മറ്റ് ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരുമായി ആശയവിനിമയം സാദ്ധ്യമാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവർത്തന ടൂളാണ് ഭാഷിണി. വോയിസ് കമാൻഡിലൂടെ പ്രവർത്തിക്കുന്ന ഭാഷിണി, ആൻഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കും.
Discussion about this post