തിരുവനന്തപുരം; അഴിമതി കുറയ്ക്കാൻ വിവരാവകാശ നിയമം സഹായിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറും വിവരവകാശ കമ്മീഷനും സംഘടിപ്പിച്ച വിവരവകാശ നിയമത്തെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവരാവകാശ പ്രകാരം ചോദിച്ച വിവരങ്ങൾ തന്നെ നൽകണം. അഞ്ചും ആറും വർഷമായി ചില വിവരാവകാശ ഫയലുകളും അപേക്ഷകളും കെട്ടിക്കിടക്കുന്നു. ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
30 ദിവസമാണ് വിവരാവകാശത്തിന്റെ സമയം. മുപ്പതാം ദിവസമേ വിവരങ്ങൾ നൽകൂ എന്ന് ചിലർ വാശിപിടിക്കുന്നു. അത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വൈകി എത്തുന്ന നീതി അനീതിയാണ്. വിവരങ്ങൾ നിശ്ചിത സമയത്ത് ലഭിച്ചില്ലെങ്കിൽ അത് അപേക്ഷകന് ഗുണമില്ല. അപേക്ഷ നൽകുന്നവർ ഒന്നുകിൽ അവർക്കും അല്ലെങ്കിൽ സമൂഹത്തിന് പൊതുവിലും ഗുണമുണ്ടാകുന്ന അപേക്ഷകൾ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളമാണ് ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. അതു പോര, അഴിമതി ഒട്ടും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിന് ഉദ്യോഗസ്ഥരും ജനങ്ങളും തീരുമാനിക്കണം. കൈകൂലി വാങ്ങില്ല എന്ന് ഉദ്യോഗസ്ഥരും കൊടുക്കില്ലെന്ന് ജനങ്ങളും ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post