ശ്രീനഗർ: ഒരിടവേളയ്ക്ക് ശേഷം ലഡാക്കിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് ചൈനീസ് സൈന്യം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഇന്ത്യൻ മേഖലയിൽ ആടുമേയ്ക്കാൻ പോയവരെ സൈന്യം തടഞ്ഞു. കിഴക്കൻ ലഡാക്കിലെ ന്യോമയിൽ ആയിരുന്നു സംഭവം.
പീപ്പിൾസ് ലിബറേഷൻ ആർമി ഉദ്യോഗസ്ഥർ ആട് മേയ്ക്കാനെത്തിയവരെ ചോദ്യം ചെയ്യുന്നതിന്റെയും തിരിച്ചയക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. ആട് മേയ്ക്കാനെത്തിയവരെ സൈന്യം തടഞ്ഞതായി ചുഷുൽ കൗൺസിലർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി രണ്ടിനാണ് സംഭവം ഉണ്ടായത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന വിവരം.
പ്രദേശത്ത് ആട് മേയ്ക്കുന്നതിനിടെ ഒരു വാഹനത്തിൽ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുന്നതായി ദൃശ്യങ്ങളിൽ കാണാം. ആടു മേയ്ക്കാൻ എത്തിയവരുടെ അടുത്ത് വാഹനം നിർത്തിയ അവർ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ചോദിക്കുന്നു. പിന്നാലെ ഇവരോട് ഉടൻ പ്രദേശം വിട്ട് പോകാൻ താക്കീത് നൽകുന്നതായും വീഡിയോയിൽ കാണാം. സംഭവ സമയം പ്രദേശത്ത് ഇന്ത്യൻ സൈനികർ ഉണ്ടായിരുന്നില്ല.
എന്നാൽ ചൈനീസ് സൈന്യത്തിന്റെ ഭീഷണി വകവയ്ക്കാതിരുന്ന ആട്ടിടയന്മാർ പ്രദേശം വിട്ട് പോകാൻ തയ്യാറായില്ല. പ്രദേശം ഇന്ത്യയുടേത് ആണെന്നും ഇവിടെ തന്നെ തുടരുമെന്നും ഇവർ സൈന്യത്തോട് പറഞ്ഞു. കുറച്ചു നേരം തർക്കിച്ച ശേഷം ചൈനീസ് സൈന്യം സ്ഥലം വിടുകയായിരുന്നു.
പീപ്പിൾസ് ലിബറേഷൻ ആർമിയെ സാധാരണക്കാർ പോലും ഇന്ന് ധൈര്യത്തോടെയാണ് നേരിടുന്നത് എന്ന് ചുഷുൽ കൗൺസിലർ പറഞ്ഞു. നമ്മുടെ മണ്ണ് സംരക്ഷിക്കാൻ അവർ കാണിക്കുന്ന ധൈര്യം പ്രശംസനീയമാണ്. ഇവരാണ് നമ്മുടെ നാടിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post